കോഴിക്കോട്: ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ആറ് പേര് പോലീസ് പിടിയില്‍. കാരിയര്‍മാരായ മൂന്ന് യാത്രക്കാരെ പോലീസുകാരെന്ന വ്യാജേന വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ മുഹമ്മദ് സുഹൈല്‍, അന്‍വര്‍ അലി, മുഹമ്മദ് ജാബിര്‍, അമല്‍ കുമാര്‍, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി മണ്ണൊര്‍ക്കാട് സ്വദേശി ബാബുരാജ് എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. കാരിയര്‍മാര്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് കവര്‍ച്ച ചെയ്യുന്ന സംഘമാണ് പൊട്ടിക്കല്‍ സംഘം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത്തരം സംഘങ്ങളുടെ ഭാഗമായ ആറ് പേരാണ് കരിപ്പൂര്‍ പോലീസിന്റെ പിടിയിലായത്.
ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണ്ണത്തെക്കുറിച്ച് കാരിയര്‍ സംഘത്തിലെ ഒരാളാണ് പൊട്ടിക്കല്‍ സംഘത്തെ അറിയിക്കുന്നത്. പൊട്ടിക്കല്‍ സംഘത്തിലെ ആറ് പേര്‍ക്കും വിവരമറിയിച്ച കാരിയര്‍ക്കും തുല്യമായി ഇത് വീതിക്കാനായിരുന്നു പദ്ധതി. തന്റേയും ഒപ്പമുള്ള രണ്ട് പേരുടേയും കൈവശം ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണം ഉണ്ടെന്നാണ് കാരിയര്‍ അറിയിച്ചത്. 3.18 കിലോ സ്വര്‍ണമാണ് മൂന്ന് പേരും കൂടി കടത്തിയത്.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് വാഹനങ്ങളില്‍ ആയുധങ്ങളുമായി പൊട്ടിക്കല്‍ സംഘം കരിപ്പൂരില്‍ തമ്പടിച്ചു. അതേസമയം ജിദ്ദ വിമാനത്തില്‍ കാരിയര്‍മാര്‍ സ്വര്‍ണവുമായി എത്തുന്ന വിവരമറിഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥരും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിമാനത്തില്‍ എത്തിയ ഉംറ യാത്രക്കാരായ ഷഫീഖ്, റമീസ്, ഫത്ത് എന്നിവരുടെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. പിടികൂടിയ ആളുകളുമായി കസ്റ്റംസ് വാഹനത്തില്‍ വരുന്ന സമയത്താണ് പൊട്ടിക്കല്‍ സംഘത്തിലെ ആറ് പേരും വാഹനത്തിന് അടുത്തേക്ക് എത്തുന്നത്. തുടര്‍ന്നാണ് കരിപ്പൂര്‍ പോലീസ് ആറുപേരെയും അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ സംഘം എത്തിയ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.