ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു. 8.15 ശതമാനമായിരിക്കും 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശനിരക്ക്. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പി.എഫ് പലിശ വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഇത് 8.1 ശതമാനമായിരുന്നു. നാല്‍പ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്. ഇത്തവണ പലിശനിരക്ക് 8.1 ശതമാനത്തില്‍ കുറവ് വരുമോയെന്ന് നിക്ഷേപകര്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ 8.15 ആയി വര്‍ദ്ധിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തില്‍വരും.
1977 -78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു 8.1 ശതമാനത്തിലും കുറഞ്ഞ പലിശനിരക്ക് നല്‍കിയിരുന്നത്. എട്ട് ശതമാനമായിരുന്നു അന്നത്തെ പലിശ നിരക്ക്. 2017-18 ല്‍ 8.55 ശതമാനവും, 2018- 19ല്‍ 8.65 ശതമാനവും, 2019-20ല്‍ 8.5 ശതമാനം പലിശനിരക്കുമായിരുന്നു നല്‍കിയിരുന്നത്