മൂന്നാര്‍: ഇന്നലെ ദൗത്യമേഖലയായ 301 കോളനിക്ക് സമീപത്തെത്തിയ അരിക്കൊമ്പന് വീണ്ടും പെരിയകനാല്‍ എസ്റ്റേറ്റിലേക്ക് കയറി. ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് അരിക്കൊമ്പന് വീണ്ടും എസ്റ്റേറ്റിലേക്ക് കയറിയത്. പെരിയകനാല്‍ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്തു കൂടെയാണ് ആനക്കൂട്ടം നീങ്ങിയത്. ഇതു ലയങ്ങളില്‍ താമസിക്കുന്ന ആളുകളെയും ഭീതിയിലാഴ്ത്തി.
ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. 29 ന് മോക്ക്ഡ്രില്‍ നടത്തും. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ രേഖകളും വനം വകുപ്പ് കൈമാറും.