Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി; ലെബനനിലുള്ള യുഎസ് പൗരന്മാരോട് രാജ്യംവിടാന്‍ നിര്‍ദേശം; അമേരിക്കന്‍ സര്‍വകലാശാലകള്‍ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി യു.എസ്. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്ഥിരവും പ്രവചനാതീതവുമാണെന്ന് ബെയ്‌റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ത്തന്നെ രാജ്യം വിടണമെന്നാണ് നിര്‍ദേശം.

തെക്കന്‍ ലെബനന്‍, സിറിയന്‍ അതിര്‍ത്തി മേഖലകള്‍, അഭയാര്‍ഥി ക്യാംപുകള്‍, ദഹിയ ഉള്‍പ്പെടെയുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഉടന്‍ ഒഴിയണമെന്നാണ് ആവശ്യം. ലെബനനിലെ അമേരിക്കന്‍ സര്‍വകലാശാലകള്‍ സായുധ സംഘങ്ങള്‍ ലക്ഷ്യമിട്ടേക്കാമെന്നും എംബസി മുന്നിറിയിപ്പ് നല്‍കി. ഇറാന്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചിട്ടതും, ബെയ്‌റൂട്ടിലും ടെഹ്‌റാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളും മേഖലയിലെ സംഘര്‍ഷം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ ലെബനനിലെ യുഎന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Signature-ad

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ പിന്മാറിയതായാണ് വിവരം . ഇസ്ലാമാബാദില്‍ വച്ച് അമേരിക്കന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ ഇറാന്‍ വിസമ്മതിച്ചു.

അമേരിക്ക മുന്നോട്ടുവച്ച നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുനല്‍കിയാല്‍ മാത്രമേ വെടിനിര്‍ത്തല്‍ പരിഗണിക്കൂ എന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പുതിയ ചര്‍ച്ചകള്‍ക്ക് ഈജിപ്തും തുര്‍ക്കിയും ശ്രമിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: