IndiaNEWS

സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹി ബി.ജെ.പി. ലീഗല്‍സെല്‍ കോ-കണ്‍വീനറായി അരങ്ങേറ്റം

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജിനെ പാര്‍ട്ടിയുടെ ഡല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറായി നിയമിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകയാണ് ബാന്‍സുരി. നിയമനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു. ഡല്‍ഹി ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും മറ്റ് നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ബാന്‍സുരി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു സുഷമ സ്വരാജ് 2019-ല്‍ 67-ാം വയസിലാണ് അന്തരിച്ചത്. ചെറുപ്രായത്തില്‍തന്നെ രാഷ്ട്രീയ രംഗത്തെത്തി. 1977-ല്‍ തന്റെ 25-ാം വയസില്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ക്ക് തൊഴില്‍വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഹരിയാനയിലെ വിദ്യാഭ്യാസം, ഭക്ഷ്യ- പൊതുവിതരണം തുടങ്ങിയ വകുപ്പുകളും ചുമതലയും അവര്‍ വഹിച്ചിട്ടുണ്ട്. വാജ്പേയി നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭകളിലെല്ലാം അംഗമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുരുങ്ങിയകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി മന്ത്രിസഭയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അവര്‍ ഏറെ ജനപ്രീതിനേടി.

Signature-ad

യൂണിവേഴ്സിറ്റി ഓഫ് വാര്‍വിക്ക്, ലണ്ടനിലെ ബിപിപി ലോ സ്‌കൂള്‍, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നാണ് ബാന്‍സുരി പഠനം പൂര്‍ത്തിയാക്കിയത്. അഭിഭാഷകയായ അവര്‍ ഹരിയാണ സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

Back to top button
error: