KeralaNEWS

ആകാശത്തിൻ്റെ നെറുകയിൽ തൊടാം, ഇരവികുളം ദേശീയോദ്യാനം സഞ്ചാരികൾക്കായി ഏപ്രിൽ ഒന്നിന് തുറക്കും

  വരയാടുകളുടെ പ്രസവകാലത്തെ തുടർന്ന് അടച്ചിട്ടിരുന്ന മൂന്നാർ രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിനു തുറക്കും. ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ 102 വരയാടിൻ കുഞ്ഞുങ്ങളാണു രാജമലയിൽ പിറന്നത്.

വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ സംരക്ഷണത്തിനായി സ്ഥാപിച്ചതാണ് ഇരവികുളം ദേശീയോദ്യാനം. സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ് ഈ ഉദ്യാനം. വരയാടുകൾക്ക് പുറമെ പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും ഇവിടത്തെ പ്രധാന ആകർഷണമാണ്. സംരക്ഷിത പ്രദേശമായതിനാൽ ട്രെക്കിങ് പോലുള്ള വിനോദങ്ങൾ ടൂറിസം മേഖലയിൽ മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. ഇരവികുളം ദേശീയോദ്യാനത്തിൽ നിന്നാൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ആനമുടി കാണാം. ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ള സംരക്ഷിതമേഖലയായിട്ടാണ് ഇരവികുളത്തെ ദേശീയോദ്യാനം അറിയപ്പെടുന്നത്.

Signature-ad

ഇത്തവണ രാജമലയിലേക്കുള്ള ടിക്കറ്റ് വിതരണം ഓൺലൈൻ വഴിയാക്കിയതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. പ്രജനനകാലം അവസാനിച്ചതോടെയാണ്​ രാജമലയിൽ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്​.

രാജമലയിൽ വരുന്ന സഞ്ചാരികളുടെ സൗകര്യാര്‍ഥം അവര്‍ താമസിക്കുന്ന മൂന്നാറിലെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന്​ പ്രത്യേകം തയാറാക്കിയ ക്യു.ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ ഏപ്രില്‍ ഒന്നിനുമുമ്പ്​ സ്ഥാപിക്കും.

മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യു.ആര്‍ കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുക. സഞ്ചാരികള്‍ക്ക് ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് മുന്‍കൂറായി ബുക്ക്​ ചെയ്യാം. ബുക്ക് ​ചെയ്ത ശേഷം ലഭിക്കുന്ന മെസേജില്‍ നല്‍കിയ സമയത്ത് പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തി വനം വകുപ്പ് സജ്ജമാക്കിയ വാഹനത്തില്‍ രാജമലയിലെത്താം

ഇടവേളയ്ക്കുശേഷം സഞ്ചാരികൾക്കായി തുറക്കുന്ന രാജമലയിൽ പുതിയ കഫറ്റേരിയ, സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ചാംമൈലിൽ പുതുതായി സ്ഥാപിക്കുന്ന പന്നൽച്ചെടി ശേഖരത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

Back to top button
error: