കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നയാള്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്. രാത്രി ഒന്‍പതു മണിയോടെ പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന് കുഴഞ്ഞുവീണുവെന്നാണ് പോലീസ് ഭാഷ്യം. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.
എന്നാല്‍, പോലീസ് കൈകാണിച്ചെങ്കിലും അല്പം മുന്നോട്ടു നീങ്ങിയാണ് മനോഹരന് വാഹനം നിര്‍ത്തിയത്. പോലീസ് ജീപ്പിനു സമീപം നില്‍ക്കുകയായിരുന്ന പോലീസുകാരന് ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു എന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ നല്കുന്ന വിവരം. ”കൈകാണിച്ചാല്‍ നിനക്കെന്താടാ വണ്ടി നിര്‍ത്തിക്കൂടെ” എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും പറയുന്നു. തുടര്‍ന്ന് പോലീസ് ജീപ്പില്‍വച്ചും മനോഹരനെ മര്‍ദ്ദിച്ചതായാണ് ആരോപണം.
അതേസമയം, മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന് കുഴഞ്ഞുവീണതെന്നും പോലീസ് പറയുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പോലീസ് വ്യക്തമാക്കിന്നു.