IndiaNEWS

36 ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ എല്‍വിഎം 3 കുതിച്ചുയര്‍ന്നു; സാറ്റ്‌ലൈറ്റിലൂടെ ഇന്റര്‍നെറ്റ് ഉടന്‍

വിശാഖപട്ടണം: 36 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍വിഎം 3) വിക്ഷേപിച്ചു. സാറ്റ്‌ലൈറ്റിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് വിക്ഷേപണം. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലായിരുന്നു വിക്ഷേപണം.

ബ്രിട്ടീഷ് കമ്പനി വണ്‍ വെബിന് വേണ്ടിയുള്ള രണ്ടാം ദൗത്യമാണിത്. ഒക്ടോബര്‍ 23നുനടന്ന ആദ്യ വിക്ഷേപണത്തില്‍ വണ്‍ വെബിന്റെ 36 ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

Signature-ad

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിന്റെ പരിഷ്‌കൃത രൂപമായ എല്‍വിഎം-3 വണ്‍ വെബിനു വേണ്ടി വാണിജ്യാടിസ്ഥാനത്തില്‍ നടത്തുന്ന രണ്ടാമത്തെ വിക്ഷേപണമാണിത്. 5805 കിലോഗ്രാം വരുന്ന ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക.

ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്വകാര്യ സംരംഭങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള ബൃഹദ്പദ്ധതിയാണ് ഇന്ത്യയിലെ ഭാരതി എന്റര്‍പ്രൈസസിന് പങ്കാളിത്തമുള്ള വണ്‍ വെബിന്റേത്. ഇതിനു മുന്‍പ് നടന്ന 17 ദൗത്യങ്ങളിലൂടെ 582 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വിന്യസിച്ചു കഴിഞ്ഞു. ഇന്നത്തെ വിക്ഷേപണത്തോടെ ഉപഗ്രഹങ്ങളുടെ എണ്ണം 618 ആയി ഉയര്‍ന്നു.

പദ്ധതിയുടെ ഒന്നാം ഘട്ടം ഇതോടെ പൂര്‍ത്തിയാവുമെന്ന് വണ്‍ വെബ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ഈ വര്‍ഷം തന്നെ ലോക വ്യാപകമായി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ തുടങ്ങുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: