CrimeNEWS

തത്തമ്മേ സാക്ഷി സാക്ഷി… വളര്‍ത്തുതത്ത ഏക സാക്ഷിയായ കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം!

ലഖ്‌നൗ: വളര്‍ത്തുതത്ത ഏകസാക്ഷിയായ കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്! ആഗ്രയിലെ മുന്‍നിര പത്രത്തിലെ ചീഫ് എഡിറ്ററായ വിജയ് ശര്‍മയുടെ ഭാര്യ നീലം ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ അശുതോഷ്, റോണി എന്നിവര്‍ക്കെതിരേ ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. 2014 ഫെബ്രുവരി പത്തിനാണ് നീലം സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ക്ക് 72,000 രൂപ പിഴയും വിധിച്ചു.

കൊലയ്ക്ക് ശേഷം നീലത്തിന്റെ വീട്ടില്‍ കവര്‍ച്ച നടന്നെങ്കിലും പോലീസിന് ഒരു തുമ്പും ലഭിച്ചിരുന്നില്ല. എന്നാല്‍ വളര്‍ത്തുതത്തയായ ‘ഹെര്‍ക്യൂളി’ന്റെ പെരുമാറ്റമാണ് കേസില്‍ നിര്‍ണായകമായത്. സംഭവദിവസം, നീലവും വളര്‍ത്തുനായയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വിജയ് ശര്‍മയും മക്കളായ രാജേഷും നിവേദിതയും ഫിറോസാബാദില്‍ കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

Signature-ad

തിരികെ രാത്രി ഏറെ വൈകിയാണ് മൂവരും വീട്ടില്‍ തിരികെയെത്തിയത്. തുടര്‍ന്ന് ഭാര്യയെയും വളര്‍ത്തുനായയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസിനെ അറിയിച്ചു. അതേസമയം, ഇവരുടെ വളര്‍ത്തുതത്തയായ ഹെര്‍ക്യൂല്‍ സംഭവത്തിന് ശേഷം ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയുമായി. ഒച്ചയുണ്ടാക്കുന്നതും നിന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ശര്‍മ തത്ത കൊലപാതകം കണ്ടിരിക്കാമെന്ന് സംശയിക്കുകയായിരുന്നു.

തുടര്‍ന്ന് കൊലയുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ പേരുകള്‍ ഒരോന്നായി തത്തയോട് പറഞ്ഞപ്പോള്‍ അശുതോഷിന്റെ പേരുകേട്ട് തത്ത ‘ആശു ആശു’ എന്ന് ഒച്ചയിടാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് വിജയ് ശര്‍മ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അശുതോഷ് കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണശ്രമം കണ്ടതിനെത്തുടര്‍ന്ന് നീലത്തെ 14 തവണയാണ് പ്രതി കുത്തിയത്. വളര്‍ത്തുനായയെ ഒന്‍പത് തവണ കുത്തിയാണ് കൊന്നത്. ഇതെല്ലാം തത്ത കണ്ടിരുന്നു.

അശുതോഷ് വീട്ടില്‍ ഏറെക്കാലം താമസിച്ചിരുന്നെന്നും ഇടയ്ക്കിടെ വന്നുപോകുമായിരുന്നെന്നും നീലം ശര്‍മയുടെ മകള്‍ നിവേദിത പറയുന്നു. എംബിഎ കോഴ്സ് ചെയ്യുന്നതിനാല്‍ അശുതോഷിന് തന്‍െ്‌റ പിതാവ് 80,000 രൂപ കൊടുത്തിട്ടുണ്ട്. വീട്ടില്‍ സ്വര്‍ണവും പണവും എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് അശുതോഷിന് അറിയാമായിരുന്നെന്നും തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മകള്‍ വ്യക്തമാക്കി.

കേസില്‍ ഉടനീളം തത്തയെ പരാമര്‍ശിച്ചെങ്കിലും എവിഡന്‍സ് ആക്ടില്‍ അങ്ങനെയൊരു വ്യവസ്ഥയില്ലാത്തതിനാല്‍ തെളിവായി ഹാജരാക്കിയിരുന്നില്ല. സംഭവം നടന്ന് ആറ് മാസത്തിന് ശേഷം തത്ത ചത്തുപോയെന്നും നിവേദിത പറഞ്ഞു.

 

 

Back to top button
error: