കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വാഹന വായ്പ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശയിൽ വായ്പ ലഭ്യമാകും. മാത്രമല്ല വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ NDPREM പദ്ധതിയുമായി ചേർന്നു 4 ശതമാനം പലിശയിൽ ലോൺ ലഭിക്കും.
“ഇലക്ട്രിക്ക് വാഹനങ്ങൾ മറ്റു വാഹനങ്ങളെ അപേക്ഷിച്ചു ചെലവ് കുറഞ്ഞതും പ്രകൃതി സൗഹാർദ്രപരവുമാണ്. മാത്രമല്ല ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കളുടെ അഭിപ്രായത്തിൽ 2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നമ്മുടെ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. ഇത് കണക്കിലെടുത്താണ് കോർപറേഷൻ ഈ വായ്പയുമായി മുന്നോട്ടു വരുന്നത്” കെ എഫ് സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു.
വാഹനത്തിന്റെ ‘ഓൺ ദ റോഡ് കോസ്റ്’ ൻറെ 80 ശതമാനം, പരമാവധി 50 ലക്ഷം വരെ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷം ആണ്. വാഹനത്തിന്റെ മാത്രം ഈട് അല്ലാതെ മറ്റു ജാമ്യവസ്തുക്കൾ ഒന്നും തന്നെ ആവശ്യമില്ല. കുറഞ്ഞ പലിശക്ക് പുറമെ സർക്കാരിൽ നിന്നുള്ള മറ്റു സബ്സിഡികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. മറ്റു ധനകാര്യ സ്ഥാപനങ്ങൾ മുഴുവൻ ലോൺ തുകക്കും പലിശ ഈടാക്കുമ്പോൾ കെ എഫ് സി ഡിമിനിഷിങ് രീതിയിൽ ബാക്കിനിൽക്കുന്ന ലോൺ തുകക്ക് മാത്രമേ പലിശ ഈടാക്കുന്നുള്ളു. ഇന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച പലിശ നിരക്കാണിത്. സിബിൽ സ്കോർ മാത്രമാണ് ലോൺ ലഭിക്കാൻ മാനദണ്ഡമായിട്ടുള്ളത്.