KeralaNEWS

ജാഥയില്‍ ആളെക്കൂട്ടാന്‍ ഭീഷണി തുടരുന്നു; ജോലി പോകുമെന്ന് മുന്നറിയിപ്പ്

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ആളെക്കൂട്ടാന്‍ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കായല്‍ മേഖലയില്‍ കൊയ്തിട്ട നെല്ല് ചുമക്കുന്ന തൊഴിലാളികള്‍ക്കാണ് സിഐടിയു-സിപിഎം പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. നെടുമുടിയിലെ സ്വീകരണത്തില്‍ എത്താനാവില്ലെന്ന് അറിയിച്ച തൊഴിലാളിയോട് ജോലിക്കെത്തേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നു.

ഇന്ന് നെടുമുടിയിലാണ് എം.വിഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കുട്ടനാട്ടിലെ സ്വീകരണം. കുട്ടനാട്ടിലെ കായല്‍ മേഖലയില്‍ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. റാണി കായലില്‍ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് സിപിഎം ജാഥയുടെ സ്വീകരണത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി പരിപാടിക്ക് വന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ജോലി ഉണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്.

Signature-ad

നെല്ല് ചുമക്കുന്നത് സിഐടിയുവിന്റെ യൂണിഫോം ധരിച്ചാണ്. എന്നാല്‍, ഇവരില്‍ പകുതിപ്പേരും സിഐടിയു-സിപിഎം അംഗങ്ങളല്ല. ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയിലോ യൂണിയനിലോ അംഗങ്ങളല്ലാത്തവരാണ് ചുമട്ടുതൊഴിലാളികളില്‍ ഏറെയും. സിഐടിയുവിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ആദ്യ ദിവസം കൂലിയുടെ വിഹിതമായ 300 രൂപ യൂണിയന് നല്‍കേണ്ടതുണ്ട്. ജാഥയുടെ സ്വീകരണത്തിനെത്താനാവില്ലെന്ന് കൈനകരി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയെ അറിയിച്ച തൊഴിലാളിയോടാണ് തിങ്കളാഴ്ചമുതല്‍ ജോലിയുണ്ടാവില്ലെന്ന് പറയുന്നത്.

Back to top button
error: