കോഴിക്കോട്: കൊയിലാണ്ടി-വടകര സ്റ്റേഷനുകള്‍ക്കിടയിലുള്ള ആനക്കുളം റെയില്‍വേ ട്രാക്കില്‍ 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതമാണെന്ന് പോലീസ്. വാക് തര്‍ക്കത്തെത്തുടര്‍ന്ന് ഇയാളെ സഹയാത്രികന് ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് കണ്ടെത്തല്‍.
ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ സഹയാത്രികനായ തമിഴ്നാട് ശിവഗംഗ സ്വദേശി സോനമുത്തുവിനെ കോഴിക്കോട് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിനിന്റെ ഡോറിനടുത്ത് ഇരുവരും അപകടകരമാം വിധത്തില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വേറൊരു യാത്രക്കാരന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ യാത്രചെയ്യുമ്പോഴായിരുന്നു സംഭവം.
സംഭവത്തിന് മുമ്പ് മരിച്ച യുവാവും കസ്റ്റഡിയിലുള്ള സോനമുത്തുവുമായി വാക്കേറ്റം നടന്നിരുന്നു. കംപാര്‍ട്ട്മെന്റിന്റെ വാതിലിനരികില്‍നിന്ന് ഇരുവരും സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.