പതിവ് തെറ്റിക്കാതെ പൊങ്കാലയിടാന്‍ ചിപ്പി എത്തി; വലിയ അനുഗ്രഹമെന്ന് താരം
ആറ്റുകാല്‍ പൊങ്കാല തിരക്കിലാണ് തലസ്ഥാന നഗരി. ലക്ഷങ്ങളാണ് അഭീഷ്ടവരദായിനിക്ക് പൊങ്കാല അര്‍പ്പിക്കാനായി വന്നു ചേര്‍ന്നിരിക്കുന്നത്. എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. അവരില്‍ ശ്രദ്ധേയയാണ് ചിപ്പി. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാല്‍ എത്തിയിട്ടുണ്ട്.
”എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല ഇടാന്‍ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വര്‍ഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അതൊക്കെ തന്നെയല്ലേ. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ വെളുപ്പിന് ഇവിടെ വരുന്നത്”- ചിപ്പി പറയുന്നു.
പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകള്‍ തുടക്കമായി. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണുള്ളത്.
അതേസമയം, ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം നിലവില്‍വന്നു. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണി മുതല്‍ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഇന്നു വൈകിട്ടു വരെ നിയന്ത്രണം തുടരും.