കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു. പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ നാളെയെത്തി വെള്ളം സ്പ്രേ ചെയ്യും. 30 ഫയർ യൂണിറ്റുകളും, 125 അഗ്നി രക്ഷാ സേനാംഗങ്ങളും അഞ്ച് ദിവസം നീണ്ടു നിന്ന ദൗത്യത്തിലാണ് തീ അണച്ചത്. മാലിന്യത്തിന്‍റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തില്‍ ഇത് ശമിപ്പിക്കുന്നതിനായുള്ള ശ്രമം നാളെയും തുടരുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നേവിയുടേയും എയര്‍ഫോഴ്സിന്‍റേയും സേവനം നാളേയും തുടരും.
പുകയെതുടര്‍ന്നുള്ള ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി നാളെയും കൊച്ചിയിൽ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേതുപോലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ക്കുമാണ് അവധി. കൊച്ചി കോര്‍പ്പറേഷനു പുറമെ വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലും,തൃക്കാക്കര, തൃപ്പൂണിത്തുറ ,മരട് മുനിസിപ്പാലിറ്റികളിലേയും സ്കൂളുകള്‍ക്കാണ് അവധി ബാധകം. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് നാളെ ഡിവിഷൻ ബഞ്ച് പരിഗണിക്കും.