ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല, മുഖം ഒരു വശത്തേക്ക് കോടുന്ന ‘ബെല്‍സ് പാള്‍സി’ രോഗത്തിന് നടൻ മിഥുൻ രമേശ് ചികിത്സ തേടി: എന്താണ് മിഥുൻ ബെൽസ് പാൾസി…?
‘ബെൽസ് പാൾസി’ എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് സിനിമാ-സീരിയൽ താരവും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാർ ഈയിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേശിനും ഇതേ രോഗം ബാധിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘കുറച്ചുദിവസത്തെ യാത്രയ്ക്കൊടുവിൽ ഇപ്പോൾ ആശുപത്രിവാസത്തിലാണ്’ എന്നു പറഞ്ഞാണ് മിഥുൻ വീഡിയോ ആരംഭിക്കുന്നത്. ‘ബെൽസ് പാൾസി’ എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാൻ കഴിയുന്നില്ലെന്നും മിഥുൻ പറയുന്നു. ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളർന്ന അവസ്ഥയിലാണെന്നും വെളിപ്പെടുത്തുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നു വ്യക്തമാക്കിയാണ് മിഥുൻ വീഡിയോ അവസാനിപ്പിക്കുന്നത്.
എന്താണ് ബെൽസ് പാൾസി?
മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. രോഗം ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയില്ല.
ഏതു പ്രായത്തിലും ലക്ഷണങ്ങൾ കാണാം. രോഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നും വിദഗ്ധർ കരുതുന്നു. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നുണ്ട്.
ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദപ്പെടാറാണ് പതിവ്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോഗമുക്തി സംഭവിക്കുന്നുണ്ട്. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.
ലക്ഷണങ്ങൾ:
മുഖത്തിന്റെ ഒരുവശം തളർന്നുപോവുക
കണ്ണ് അടയ്ക്കുക, ചിരിക്കുക പോലെ മുഖം കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയാതിരിക്കുക
വായയുടെ ഒരുവശത്തുകൂടി തുപ്പൽ ഒലിക്കുക, രോഗം ബാധിച്ച വശത്തെ താടിക്ക് ചുറ്റുമോ ചെവിക്കു പിന്നിലോ വേദന അനുഭവപ്പെടുക
തലവേദന, രുചി അനുഭവപ്പെടാതിരിക്കുക, കണ്ണുനീരിന്റെയും തുപ്പലിന്റെയും അളവിലുള്ള വ്യത്യാസം
ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടേണ്ടതാണ്. സ്ട്രോക്കും ‘ബെൽസ് പാൾസി’യും തമ്മിൽ ബന്ധമില്ലെങ്കിലും രണ്ടിന്റെയും ലക്ഷണങ്ങൾ സമാനമായതിനാൽ സ്ട്രോക് തിരിച്ചറിയപ്പെടാതെ പോകാനും സാധ്യതയുണ്ട്
‘ജസ്റ്റിൻ ബീബറിനൊക്കെ വന്ന രോഗമാണ്. ഇപ്പോൾ ചിരിക്കുമ്പോൾ ജനകരാജിനെപ്പോലെയാണ്. മുഖത്തിന്റെ ഒരു വശം ചലിപ്പിക്കാൻ പ്രയാസമാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു കണ്ണ് ശരിയായി അടയ്ക്കും. മറ്റേത് അടയ്ക്കാൻ ബലം നൽകണം. അല്ലാത്തപക്ഷം, രണ്ട് കണ്ണുകളും ഒരുമിച്ച് അടയ്ക്കണം. ഇപ്പോൾ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്’ എന്നും മിഥുൻ പറഞ്ഞു.
മുഖത്തെ ഞരമ്പുകൾ തളർന്നുപോകുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയുന്ന ഒരു സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ ഈ രോഗബാധിതനാകും മുമ്പ് ഇത് ചർച്ചയായിരുന്നു.
പ്രേക്ഷകര്‍ക്ക് ഇടയില്‍ സുപരിചിതനായ മിഥുന് രമേശ് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ്. ഫ്ലവേഴ്സില്‍ സംപ്രേഷണം ചെയ്ത കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ തന്നെ വലിയൊരു ആരാധകനിരയെ സ്വന്തമാക്കാന്‍ മിഥുന് രമേശന് സാധിച്ചു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തില്‍ എത്തിയ മല്ലൂസിങ് എന്ന ചിത്രത്തില്‍ ഉണ്ണിയ്ക്ക് വേണ്ടി ഡബ് ചെയ്തതും മിഥുനായിരുന്നു. അതുപോലെ നിരവധി താരങ്ങള്‍ക്ക് വേണ്ടി മിഥുന് രമേശ് ശബ്ദം നല്‍കിയിട്ടുണ്ട്. ചെറുതും വലുതുമായ വേഷത്തിലും താരം എത്തിയിട്ടുണ്ട്. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു