Fiction

അടിതെറ്റിയാൽ ആനയും വീഴും, പ്രതിയോഗിയോട് ബലമറിഞ്ഞുമാത്രം എതിരിടുക

വെളിച്ചം

 കാട്ടിലെ തേക്ക് മരത്തിന് മനോഹരമായ ആകാരഭംഗിയായിരുന്നു. ഇതില്‍ അത്യധികം അഹങ്കാരവും ഉണ്ടായിരുന്നു അതിന്. തനിക്ക് താഴെ നില്‍ക്കുന്ന ചെടികളെയെല്ലാം അത് കളിയാക്കും.

ഒരുദിവസം ഒരു കൊടുങ്കാറ്റ് വീശി. കാറ്റില്‍ എല്ലാ ചെടികളും കുനിഞ്ഞ് മണ്ണില്‍ തൊട്ട് നിന്നു. ഇത് കണ്ട് തേക്ക് മരം, കാറ്റിനെ തടയാനുള്ള അവരുടെ കഴിവില്ലായ്മയെ അവഹേളിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് ഒരു ചെടി, ‘കാറ്റ് കടന്നുവരുമ്പോള്‍ ചില്ലകള്‍ ചായ്ച്ചു കാറ്റിനെ കടന്നുപോകാന്‍ അനുവദിക്കൂ’ എന്ന് തേക്ക് മരത്തോട് പറഞ്ഞെങ്കിലും തേക്ക് മരം അത് വകവച്ചില്ല.

പിറ്റേന്ന് കാറ്റൊഴിഞ്ഞപ്പോള്‍ മറ്റു ചെടികളെല്ലാം വീണ്ടും തലയുയര്‍ത്തി. പക്ഷേ, അപ്പോഴേക്കും തേക്ക് മരം നിലംപൊത്തിയിരുന്നു.

തലക്കനത്തോടെ നില്‍ക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ കനം കൂടി നാം മനസ്ലിലാക്കണം. എല്ലാ അലങ്കാരങ്ങളുടേയും ആശ്രയം അടിത്തറയാണ്. അതിന് ഇളക്കം തട്ടിയാല്‍ പിന്നെ തലയെടുപ്പോ, മെയ്യഴകോ ഇല്ല. അടിപതറാതിരിക്കുക എന്നത് തന്നെയാണ് ഏത് വന്‍മരവും ഉറപ്പുവരുത്തേണ്ട കാര്യം. എതിര്‍ത്ത് തോല്‍പ്പിക്കേണ്ടവരല്ല എതിരേ വരുന്നവരെല്ലാം. പ്രതിയോഗിയോട് ബലമറിഞ്ഞുമാത്രം പ്രതികരിക്കാന്‍ ശ്രമിക്കാം. ചിലരെ മല്‍പിടുത്തത്തിലൂടെ കീഴ്‌പെടുത്താം. ചിലരെ തന്ത്രങ്ങളിലൂടെയും. എന്നാല്‍ ചിലരോട് എതിരിടാനേ പാടില്ല, ഒഴിഞ്ഞു നില്‍ക്കണം. എത്രവലിയവനായാലും എത്ര ഉയരങ്ങളിലെത്തിയാലും എത്ര തവണ വിജയിയായാലും അടിപതറാതിരിക്കുക. അടിത്തറയാണ് ആശ്രയം.

ആഹാദഭരിതമായ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

 

Back to top button
error: