തൃശൂര്‍: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന് ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന് ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ കാളിദാസന് ചരിയുകയായിരുന്നു.
ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്ത്തിയാണ് ഒളരിക്കര കാളിദാസന് യാത്രയായത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്. വികൃതിയുണ്ടെങ്കിലും അതുപോലെ തന്നെ വലിയ ആരാധകരുമുണ്ടായിരുന്നു കാളിദാസന്.
നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില് പ്രമുഖനാക്കി. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്. ഇടയ്ക്കിടെ കുറുമ്പുകാട്ടിയിട്ടുണ്ടെങ്കിലും കൊമ്പന്റെ ചങ്കുറപ്പായി കണ്ട് ആനകേരളം ഇതിനെയും ആരാധിച്ചിരുന്നു. 2020ല്‍ ഉത്സവത്തിനിടെ ഇടഞ്ഞ് പാപ്പാനെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് ഏറെ ചര്‍ച്ചയായ വാര്‍ത്ത. ആനക്ക് പീഡനമേറ്റിട്ടുണ്ടെന്നും ആനപ്രേമികള്‍ക്കിടയില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്.