അഹമ്മദാബാദ്: വിവാഹച്ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങിയെങ്കിലും വിവാഹം നടത്തി യുവതിയുടെ ബന്ധുക്കൾ. വധുവായി കതിർമണ്ഡപത്തിലെത്തി വരന്റെ കൈ പിടിച്ചത് മരിച്ചു പോയ യുവതിയുടെ സഹോദരി ! ഗുജറാത്തിലെ ഭാവ്നഗറിലെ സുഭാഷ് നഗര്‍ പ്രദേശത്താണ് ഈ സംഭവം നടന്നത്. ഭഗവനേശ്വര്‍ ക്ഷേത്രത്തിന് മുന്പില് വച്ചായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം.
ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന് വിശാലും തമ്മിലായിരുന്നു വിവാഹം. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഹെതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകകായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
ഹെതലിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹ ചടങ്ങുകൾ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഹെതലിന്റെ ഇളയ സഹോദരിയെ ബന്ധുക്കൾ വധുവായി തീരുമാനിക്കുകയും നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുകയുമായിരുന്നു. അതേസമയം, ബന്ധുക്കളുടെ തീരുമാനത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. വധു മരിച്ച ദിവസം തന്നെ സഹോദരിയെ വിവാഹം കഴിക്കേണ്ടി വന്ന വിശാലും കുടുംബവും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.