KeralaNEWS

എഴുന്നള്ളത്തിന് ആന വേണ്ട, ഇനി പല്ലക്ക് മതി; ചരിത്രപരമായ തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ്

കൊച്ചി: എഴുന്നള്ളത്തിന് ആനയ്ക്കു പകരം പല്ലക്ക് ഉപയോഗിക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ്. ആനകൾ ഇടഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ തുടർക്കഥയായതോടെയാണ് ക്ഷേത്രം ഭാരവാഹികൾ വഴിമാറി ചിന്തിച്ചത്. ഇതോടെ വിളക്കിനെഴുന്നള്ളിപ്പിന് ആനയ്ക്ക് പകരം പല്ലക്ക് ഉപയോ​ഗിക്കാൻ ക്ഷേത്രം ട്രസ്റ്റ് തീരുമാനം എടുക്കുകയായിരുന്നു.

ഫെബ്രുവരി 23ന് ആരംഭിച്ച ഉത്സവ ചടങ്ങുകളുടെ ഭാഗമായി അത്താഴ പൂജക്ക് ശേഷമുള്ള വിളക്കിനെഴുന്നള്ളിപ്പിന് തേക്ക് മരത്തിൽ തീർത്ത പല്ലക്ക് ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗവും ദാരുശില്പ കലയിൽ വിദഗ്ദ്ധനുമായ പിആർ ഷാജികുമാർ വഴിപാടായാണ് പല്ലക്ക് സമർപ്പിച്ചത്. നിരവധി ക്ഷേത്രങ്ങളിൽ ഉത്സവാഘോഷത്തിൻ്റെ പ്രൗഢിയും ആഹ്ളാദവും ഇല്ലാതാക്കി എഴുന്നള്ളിപ്പിനെത്തുന്ന ആനകൾ അപകടകാരികളാകുന്നതിനെ തുടർന്നാണ് ഇറക്കി പൂജയ്ക്കും വിളക്കിനെഴുന്നള്ളിപ്പിനും ആനകളെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായി നാളെ മുതൽ ഇറക്കി പൂജയ്ക്കായി വാഹനത്തിൽ തയ്യാറാക്കിയ അലങ്കരിച്ച രഥം ഉപയോഗിക്കും.

Signature-ad

അതേസമയം, ഇന്നലെ തൃശൂർ പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞ് പാപ്പാനടക്കം ഏഴ് പേർക്ക് പരുക്കേറ്റു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് അനപ്പന്തലിൽ അണിനിരന്നതിന് പിന്നാലെയാണ് രാമചന്ദ്രൻ ഇടഞ്ഞത്. പിന്നിൽ നിന്ന ആന ചിന്നം വിളിച്ചതിനെ തുടർന്ന് രാമചന്ദ്രൻ ഇടയുകയായിരുന്നു. ആന പെട്ടെന്ന് മുന്നോട്ടോടിയതോടെ ജനം പരിഭ്രാന്തരായി.

ഒന്നാം പാപ്പാൻ രാമൻ ആനയുടെ മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആന മുന്നോട്ട് ഓടിയതോടെയാണ് പാപ്പാനടക്കമുള്ളവർക്ക് പരിക്കേറ്റത്. ആനയുടെ ഇടയിൽപ്പെട്ട് നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ പാപ്പാൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണും മറ്റുമാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.

Back to top button
error: