കൊച്ചി: ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിക്കുകയും അമ്മയെ ആദരിക്കുകയും ചെയ്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി സി.പി.എം. നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. രോഗബാധിതനായ ഒരു സിപിഎം പ്രവർത്തകനെ കാണാനാണ് കൊച്ചിയിലെത്തിയതെന്ന് ഇ പി ജയരാജൻ പറഞ്ഞു. കൊച്ചിയിലെത്തിയപ്പോൾ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു.
ആശുപത്രിയിൽ പോയശേഷം തിരികെ വരുന്ന വഴിക്ക്, കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്ന എംബി മുരളീധരൻ തന്നെ വിളിച്ചു. സമയമുണ്ടെങ്കിൽ താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ വരാമോയെന്ന് ചോദിച്ചു. സമയമുള്ളതിനാൽ താൻ വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അവിടെ ചെല്ലുകയുമായിരുന്നു. ഈ സമയത്ത് കെവി തോമസും അവിടെയുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ ക്ഷേത്രത്തിൽ പ്രായമായ മുതിർന്നവരെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും, ഒരു അമ്മയെ ആദരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അമ്മയെ അവർ വിളിച്ചു കൊണ്ടുവന്നു. ആദരിക്കാനുള്ള ഷാളും അവരാണ് കൊണ്ടു വന്നത്. പ്രായമായ ആ അമ്മയോട് എനിക്കെന്തു വിരോധം. ഞാൻ ആദരിച്ചു. അത് നന്ദകുമാറിന്റെ അമ്മയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു. അതിനെയാണ് വളച്ചൊടിച്ച് തനിക്കെതിരായി ദുരുദ്ദേശപൂർവം വാർത്തകൾ ചമയ്ക്കുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു.
ക്ഷേത്രത്തിലെത്തുന്നവർ ഭക്ഷണം കഴിച്ചിട്ടു വേണം പോകാനെന്നും മുരളീധരൻ പറഞ്ഞു. അതാണ് പതിവെന്ന് പറഞ്ഞപ്പോൾ, പതിവ് തെറ്റിക്കേണ്ടെന്നു പറഞ്ഞാണ് താനും തോമസ് മാഷും ഭക്ഷണം കഴിച്ചത്. ഇതെല്ലാം വളച്ചൊടിച്ച് തന്റെ ചോര കുടിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് കെവി തോമസ് വ്യക്തമാക്കി.