KeralaNEWS

സി.പി.എം. ജാഥയിൽ പങ്കെടുക്കാൻ സമയമില്ല; ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിച്ച്, അ‌മ്മയെ പൊന്നാടയണിയിച്ച് ഇ.പി. ജയരാജൻ, പുതിയ വിവാദം

കൊച്ചി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ പങ്കെടുക്കാൻ സമയമില്ലാത്ത പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ ദല്ലാൻ നന്ദകുമാറിന്റെ വീട് സന്ദർശിച്ചത് വിവാദമാകുന്നു. സമയമില്ലെന്നു ന്യായം പറഞ്ഞ് ജാഥയിൽ പങ്കെടുക്കാത്ത ജയരാജൻ, ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയതും കൊച്ചി വെണ്ണലയില്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തതാണ് വിവാദമാകുന്നത്. നന്ദകുമാറിന്റെ അമ്മയെ ഷാള്‍ അണിയിച്ച് ഇപി ആദരിക്കുകയും ചെയ്തു. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തത് നേതൃത്വവുമായുള്ള ഭിന്നതയാണെന്ന വാദം ശരിവയ്ക്കുന്ന നടപടികളാണ് ജയരാജന്റെ ഇപ്പോഴത്തെ നടപടികൾ.
ദല്ലാള്‍ നന്ദകുമാര്‍ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്. മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയായിരുന്നു ജനകീയ പ്രതിരോധ ജാഥ കാസര്‍കോട് ഉദ്ഘാടനം ചെയ്തത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളിലായതിനാലാണ് ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ജയരാജന്‍ വിശദീകരിച്ചിരുന്നത്.
പിറന്നാള്‍ ദിനത്തില്‍ എത്താന്‍ പറ്റിയില്ലെന്ന് ആദരിക്കലിനിടെ ഇപി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയോട് പറയുന്നുണ്ട്. അപ്പോള്‍ തോമസ് മാഷ് ഉണ്ടായിരുന്നതായി നന്ദകുമാര്‍ ജയരാജനോട് പറയുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇപി ജയരാജനും കെ വി തോമസും നന്ദകുമാറിന്റെ വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നു.
സംഭവം വിവാദമായതോടെ, പരിപാടിയിലേക്ക് ഇപിയെ ക്ഷണിച്ചിരുന്നില്ലെന്നും സര്‍പ്രൈസ് ആയി വന്നതാണെന്നുമാണ് ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചത്. വന്നപ്പോള്‍ അമ്മയെ ഷാള്‍ അണിയിക്കുകയായിരുന്നു. പിറന്നാളിന് മുഖ്യമന്ത്രിയേയും ക്ഷണിച്ചിരുന്നു. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ മുരളീധരന്‍ ആണ് ഇപി ജയരാജനെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടില്‍ പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

Back to top button
error: