കൊച്ചി: പശ്ചിമ കൊച്ചിയിലെ കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നാളെ റോ റോ സര്‍വീസും കൊച്ചി മുസിരിസ് ബിനാലെയും ഉപരോധിക്കുമെന്ന് ഫോര്‍ട്ടുകൊച്ചി കോളനി നിവാസികള്‍ പ്രഖ്യാപിച്ചു. അതിനിടെ, ദുരന്തനിവാരണ നിയമപ്രകാരം ടാങ്കറുകള്‍ പിടിച്ചെടുത്ത് കുടിവെളളവിതരണം നടത്താനൊരുങ്ങി ജില്ലാ ഭരണകൂടം. പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. കുടിവെളളക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.
നിലവില്‍ ടാങ്കര്‍ ലോറികളില്‍ കൂടി വെള്ളം എത്തിക്കുന്നുണ്ടെങ്കിലും ചില ഇടങ്ങളില്‍ വലിയ ടാങ്കറുകള്‍ക്ക് കടന്നു ചെല്ലാനാവാത്തതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുടിവെള്ള വിതരണം അപര്യാപ്തമായ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ എറണാകുളം, മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയത്. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 65 പ്രകാരമാണ് ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ കലക്ടര്‍ ഡോ. രേണു രാജ് ഉത്തരവിട്ടത്. ചെറിയ ടാങ്കറുകളുടെ അഭാവത്തെ തുടര്‍ന്ന് ഇടറോഡുകളില്‍ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
ഏറ്റെടുക്കുന്ന വാഹനങ്ങള്‍ മരടിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിലെത്തിക്കും. വാഹനമെറ്റെടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന് ചുമതല നല്‍കും. ഇതിനായി പൊലീസ് സഹായവും ലഭ്യമാക്കും. ഏറ്റെടുക്കുന്ന വാഹനവും ഡ്രൈവറും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്ന ദിവസം വരെ കുടിവെള്ള വിതരണത്തിനായി ഹാജരാകണം. അല്ലാത്തപക്ഷം ദുരന്ത നിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കും. വാഹനത്തിന്റെ വാടക, ഡ്രൈവറുഡടെ വേതനം എന്നിവ വാട്ടര്‍ അതോറിറ്റി വഹിക്കും.
എന്നാല്‍, ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കാനുള്ള കലക്ടറുടെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് എറണാകുളം ആര്.ടി.ഒ പറഞ്ഞു. ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സബ്ബ് കലക്ടറുടെ നേതൃത്വത്തില്‍ കണ്ട്രോള് റും സജ്ജമാക്കാനും നടപടി ആരംഭിച്ചു.