KeralaNEWS

ശമ്പളം വർധിപ്പിക്കാൻ തീരുമാനമായി; സമഗ്ര ശിക്ഷ സ്‌പെഷലിസ്റ്റ് അ‌ധ്യാപകരുടെ സമരം ഒത്തു തീര്‍ന്നു

തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളയില്‍ പാര്‍ട്ട് ടൈം സ്‌പെഷലിസ്റ്റ് അ‌ധ്യാപകർ വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ശമ്പളം മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കാമെന്നു സർക്കാർ അ‌റിയിച്ചതോടെയാണ് സമരം അ‌വസാനിപ്പിക്കാൻ അ‌ധ്യാപകർ തീരുമാനിച്ചത്. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ക്ക് നിലവില്‍ വേതനമായി 10,000 രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നല്‍കി വരികയായിരുന്നു.10,000 രൂപ 13,400 രൂപയായി വര്‍ദ്ധിപ്പിക്കും. 13,400 രൂപയുടെ 12% വരുന്ന 1608/ രൂപ ഇ.പി.എഫ്. (എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍) ആയി നല്‍കുന്നതിനും തീരുമാനിച്ചു.ശമ്പള വര്‍ദ്ധനവ് 2022 നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും.
ഇപ്പോള്‍ ഉണ്ടായ പ്രതിമാസ വര്‍ദ്ധനവ് 3400 രൂപ 2022 നവംബര്‍, ഡിസംബര്‍, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നല്‍കും. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍ക്ക് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നല്‍കും. ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാര്‍ പരമാവധി രണ്ടു സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കേണ്ടതാണ്. മാസത്തില്‍ ഒരു ശനിയാഴ്ച ബന്ധപ്പെട്ട ബി.ആര്‍.സി.കളില്‍ പ്ലാന്‍ മീറ്റിംഗില്‍ പങ്കെടുക്കേണ്ടതാണ്. സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് മൂന്നു മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: