KeralaNEWS

ദുരിതാശ്വാസനിധി തട്ടിപ്പ് അ‌തീവഗൗരവമായി കാണും; തട്ടിപ്പുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിൽ നടക്കുന്ന വ്യാപകമായ തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് പുറത്തുവിട്ട വിവരങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി. വിജിലൻസിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നപടികൾ സ്വീകരിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്താനും അനർഹർ കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതിൽ തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലൻസ് കണ്ടെത്തിയ വിഷയങ്ങളിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ സഹായം നേടിയെടുക്കുന്നതായ ചില പരാതികൾ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അനേ്വഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടത്.
കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗചികിത്സയ്ക്കും പ്രകൃതിദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അനർഹരായവർക്ക് ധനസഹായം ലഭ്യമാക്കാൻ ശ്രമിച്ചവർക്കും അതിന് കൂട്ടുനിന്നവർക്കും എതിരെ ഒരു ദാക്ഷണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരാതികളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്രകാരമാണ് കഴിഞ്ഞദിവസം ജില്ലാ കലക്‌ട്രേറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് വ്യാപകമായി മിന്നൽ റെയ്ഡ് നടത്താൻ വിജിലൻസ് ഡയറക്ടർ ഡോ: മനോജ് എബ്രഹാം ഉത്തരവ് നൽകിയത്.

Back to top button
error: