അയർക്കുന്നം: സഹോദരങ്ങളെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പാദുവ വരണ്ടിയാനിക്കൽ വീട്ടിൽ വിപിൻ പി.വി (38) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സഹോദരനും ചേർന്ന് അഞ്ചാം തീയതി ഉച്ചയോടുകൂടി അയൽവാസിയായ സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അകലക്കുന്നം മറ്റക്കര പാദുവ ഭാഗത്ത് വച്ച് വിപിൻ ഇവരെ ചീത്ത വിളിക്കുകയും, കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തത്.
തുടർന്ന് ഇയാള്‍ സംഭവ സ്ഥലത്തുനിന്ന് ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപിനെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ മധു.ആർ, എ.എസ്.ഐ മാരായ സോജൻ ജോസഫ്, പ്രദീപ്കുമാർ, സജു റ്റി.ലൂക്കോസ്, സി.പി.ഓ മാരായ ജിജോ ജോൺ, പ്രശാന്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു