KeralaNEWS

മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകണം; ആകാശ് തില്ലങ്കേരിക്ക് നോട്ടീസ്

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടിസ്. ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചതായാണ് ആക്ഷേപം. മറ്റൊരു കേസിലും ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയില്‍ ആണ് ഷുഹൈബ് വധക്കേസില്‍ ആകാശ് ജാമ്യത്തില്‍ കഴിഞ്ഞത്.

ഫെയ്‌സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍, മുഴക്കുന്ന് പോലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ ഉള്‍പ്പെട്ടതോടെ ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നു കാട്ടിയാണു നടപടി. സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശിനു മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Signature-ad

മട്ടന്നൂര്‍ പോലീസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത്കുമാറാണ് ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച കോടതി, ആകാശ് തില്ലങ്കേരി മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി.

Back to top button
error: