കോഴിക്കോട്: ആർ.എസ്.എസുമായി ചര്‍ച്ച നടത്തിയെന്നതിന്റെ പേരില്‍ വേട്ടയാടാൻ ശ്രമമെന്ന് ജമാഅത്തെ ഇസ്‌ലാമി. ആര്‍.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി ഒറ്റക്ക് അല്ല ചര്‍ച്ച നടത്തിയതെന്ന് അസിസ്റ്റന്റ് അമീര്‍ പി.മുജീബ് റഹ്‌മാന്‍ പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ ഭാഗമായുള്ള ചര്‍ച്ചയില്‍ ജമാഅത്തും ഭാഗമാകുകയായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വേരുകളുള്ള ഇന്ത്യന്‍ മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്ന ശക്തമായ ഓര്‍ഗനൈസേഷനാണ് ജംയത്തുല്‍ ഉലമായെ ഹിന്ദെന്നും അവരോടൊപ്പമാണ് ആര്‍.എസ്.എസുമായുള്ള ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റ് മുസ്‌ലിം സംഘടനകളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ച നടത്തിയെന്നതിന്റെ പേരില്‍ ഒരു വിഭാഗത്തെ വേട്ടയാടാന്‍ ശ്രമിച്ചുവെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ വലിയ തിരക്കഥയുണ്ടെന്നും മുജീബ് റഹ്‌മാന്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചയായി കാണേണ്ടെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘സംഘടനാപരമായ പ്രശ്‌നം ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ല. ദേശീയത, പശു, കാഫിര്‍ പോലുള്ള വിഷയങ്ങള്‍ ആണ് മുന്നില്‍ വന്നത്. ആര്‍.എസ്.എസ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നത്. ആര്‍.എസ്.എസിനെതിരെ മുസ്‌ലിം കമ്യൂണിറ്റിക്ക് ഉയര്‍ത്തേണ്ട പ്രശ്‌നങ്ങളാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്,’ മുജീബ് റഹ്‌മാന്‍ പറഞ്ഞു. ചര്‍ച്ച കഴിഞ്ഞേയുള്ളുവെന്നും അതില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മുജീബ് റഹ്‌മാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നുവെങ്കിലും വിവാദങ്ങള്‍ കഴിഞ്ഞ് രണ്ട് ആഴ്ചക്ക് ശേഷമാണ് മാധ്യമങ്ങളിലൂടെയുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതില്‍ ചില മുസ്‌ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മതസംഘടനകളോട് കലഹിക്കാനില്ലെന്നും മുസ്ലിം മത സംഘടനകള്‍ പരസ്പരം യുദ്ധം ചെയ്യേണ്ട സമയമല്ലിതെന്ന് തങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ജനുവരി 14ന് ഡല്‍ഹിയില്‍ വെച്ചാണ് ആര്‍.എസ്.എസ് നേതാക്കളുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച നടത്തിയത്. മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ എസ്.വൈ. ഖുറേഷിയാണ് ചര്‍ച്ചക്ക് മുന്‍കൈ എടുത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.