ബെംഗളൂരു: ഐഫോണ്‍ കൈക്കലാക്കാന്‍ ഡെലിവറി ബോയിയെ കൊന്നു കത്തിച്ച സംഭവത്തിൽ 24 വയസുകാരന് പിടിയില്‍. കര്‍ണാടകയില്‍ ഹസ്സന് ജില്ലയിലാണ് സംഭവം. ഓണ്‍ലൈനായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനു ശേഷം ഫോണുമായി എത്തിയ ഡെലിവറി ബോയിയെ കൊലപ്പെടുത്തുകയായിരുന്നു. 20 വയസുകാരനായ ഹേമന്ദ് നായിക്കിന്റെ കൊലപാതകത്തില്‍ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ദ് ദത്തയാണ് അറസ്റ്റിലായത്.
ഐഫോണ്‍ വേണമെന്ന് ഹേമന്ദ് ദത്ത അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള പണം കയ്യിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഫ്ളിപ്കാര്‍ട്ട് വഴി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു. കാഷ് ഓണ്‍ ഡെലവറിയാണ് കൊടുത്തത്. ഫെബ്രുവരി 7ന് ഐഫോണുമായി ഹേമന്ദ് നായിക് ഇയാളുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടിലേക്ക് ക്ഷണിച്ച ഇയാള്‍ പാക്കറ്റ് തുറക്കാനായി കത്തി എടുക്കാന്‍ അകത്തേക്കു പോയി. തിരിച്ചെത്തി ഡെലിവറി ബോയിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
തുടർന്ന് ബാത്ത്റൂമിൽ മൃതദേഹം സൂക്ഷിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ മൃതദേഹം സഞ്ചിയിലാക്കി വീടിന് അടുത്തുള്ള റെയില്‍വേ ട്രാക്കിൽ കൊണ്ടുവന്ന് പെട്രോളൊഴിച്ച് കത്തിച്ചു. യുവാവിനെ കാണാതായതോടെ സഹോദരന് നല്കിയ പരാതിയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്. ഹേമന്ദ് നായിക്കിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി.