തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി മരുന്നിനടിമയാക്കുകയും ലഹരിമരുന്ന് കാരിയറാക്കുകയും ചെയ്ത സംഭവത്തിൽ പത്ത് പേർക്കെതിരെ കേസ്. പ്രദേശവാസിയാണ് പെൺകുട്ടിക്ക് മയക്കുമരുന്ന് ആദ്യം നൽകിയത്. 25 പേർ അടങ്ങുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നിരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാൻ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെൺകുട്ടി പറയുന്നു.
കയ്യിൽ ലഹരി മരുന്ന് കുത്തിവയ്ക്കുന്നതിന്റെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെൺകുട്ടിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് കുട്ടിയെ ബെംഗലൂരുവിലുളള പിതാവിനൊപ്പമയച്ചു.
അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാർക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്പ് മെഡിക്കല്‍ കൊളജ് പൊലീസിന് പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് കേസ് എടുക്കാതെ തിരിച്ചയച്ചു. സ്കൂള്‍ അധികൃതരും സംഭവം ഗൗരവത്തിലെടുത്തില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലാണ് കുട്ടിയിപ്പോള്‍.