തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നഷ്ടംസംഭവിച്ചതിനെക്കാള് ആറിരട്ടിയോളം വസ്തുവകകള്‍ സര്‍ക്കാര്‍ ജപ്തിചെയ്തു. സെപ്റ്റംബര്‍ 23-നു നടന്ന മിന്നല്‍ ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍, കോടതിയുത്തരവിനെത്തുടര്‍ന്ന് 28,72,35,342 രൂപയുടെ വസ്തുവകകളാണു കണ്ടുകെട്ടിയത്.
കണ്ടുകെട്ടിയ വസ്തുക്കള്‍ സാധാരണ മൂന്നുമാസത്തിനുശേഷമാണു ലേലംചെയ്യുക. അതനുസരിച്ചുള്ള നടപടിയിലേക്കു സര്‍ക്കാര്‍ നീങ്ങിത്തുടങ്ങി. കോടതി നിര്‍ദേശിച്ചാല്‍ ലേലം ഉടന്‍ നടത്തും. സര്‍ക്കാര്‍ രൂപവത്കരിച്ച ക്ലെയിം കമ്മിഷന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നോട്ടീസ് നല്‍കിത്തുടങ്ങി.
ദേശീയ നേതാക്കളെ എന്‍.ഐ.എ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് പി.എഫ്.ഐ മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത്. പൊതുമുതല്‍ നശിപ്പിച്ചതിനു നേതാക്കളില്‍നിന്നു നഷ്ടപരിഹാരമീടാക്കാന്‍ സെപ്റ്റംബര്‍ 29-നു ഹൈക്കോടതി ഉത്തരവിട്ടു. വസ്തുവകകള്‍ കണ്ടുകെട്ടുന്നതു വൈകിയപ്പോള്‍ സര്‍ക്കാരിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ 206 വസ്തുവകകള്‍ ജപ്തിചെയ്തത്.
എന്നാല്‍, അതില്‍ ആ സംഘടനക്കാരുടേതു മാത്രമല്ലെന്ന പരാതിയുയര്‍ന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിമാരും കലക്ടര്‍മാരും പരിശോധിച്ച് 49 പേരെ ഒഴിവാക്കി. കൂടുതലും മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലാണ്. ബാക്കി 160 പേരുടെ വസ്തുവകകളുടെ മൂല്യമാണു നിശ്ചയിച്ചത്. അതനുസരിച്ചാണ് 28.72 കോടിയിലധികം രൂപയുടെ മൂല്യമുണ്ടെന്നു കണ്ടെത്തിയത്.