തിരുവനന്തപുരം: അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി പ്രാര്‍ഥിക്കുമെന്ന ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ഭക്തന്റെ ലക്ഷണം മൈത്രിയും സ്നേഹവുമാണെന്നും ഭഗവത്ഗീതയില്‍ പറയുന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ഭഗവത്ഗീതയിലെ സൂക്തങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു സന്ദീപാനന്ദഗിരിയുടെ പ്രതികരണം.
‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ ഏവ ച- ഭക്തന്റെ ലക്ഷണം ഭഗവത്ഗീതയിലെ ഭക്തിയോഗത്തില് പറയുന്നത് ഇപ്രകാരം. പ്രപഞ്ചത്തിലെ സകലതിനോടും മൈത്രിയും സ്നേഹവും സൂക്ഷിക്കുന്നതാരോ അവനാണ് ഭക്തനെന്നാണ് കൃഷ്ണപക്ഷം. പാമ്പിന് പല്ലില്‍ വിഷം,തേളിന് വാലില്‍ വിഷം, ഈച്ചക്ക് തലയില്‍ വിഷം, ദുഷ്ടന് (സംഘിക്ക്)സര്‍വ്വാംഗം വിഷം,’ സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ കുറിച്ചു.
വിഷയത്തില്‍ വലിയ വിമര്‍ശനമാണ് അദ്ദേഹത്തിനെതിരെ വരുന്നത്. സുരേഷ് ഗോപിയുടെ ചിന്തകളുടെ ഇരുട്ട് നിറഞ്ഞ ശ്മശാനഭൂവില്‍ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ പറ്റൂവെന്ന് അധ്യാപിക ദീപ നിഷാന്ത് പറഞ്ഞു. മതവിശ്വാസവും മതഭ്രാന്തും ഒന്നല്ലെന്നും ഒരു ക്രൈമിന്റെ കൂട്ടുപ്രതിയായാണ് അദ്ദേഹം ദൈവത്തെ കാണുന്നതെങ്കില്‍ അതിനോളം വൃത്തികെട്ട ഒരു സങ്കല്‍പ്പം വേറെയില്ലെന്നും ദീപ നിഷാന്ത് കൂട്ടിച്ചേര്‍ത്തു.