LocalNEWS

ഇന്ന് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം, കൂറുമാറ്റനിയമപ്രകാരം കോട്ടയം നഗരസഭ ചെയർപേഴ്സനെ അയോഗ്യയാക്കണമെന്ന് ഇലക്ഷൻ കമ്മീഷന് ഹർജി; ബിന്‍സി സെബാസ്റ്റ്യൻ്റെ കസേര തെറിക്കുമോ…?

   കോട്ടയം നഗരസഭയിൽ വീണ്ടും എൽഡിഎഫ് അവിശ്വാസം. ഇന്ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുമെന്നാണ് സൂചന. 52 അംഗ നഗരസഭയില്‍ 22 സീറ്റുകളാണ് എല്‍.ഡി.എഫിനുള്ളത്. യു.ഡി.എഫിന് 21 ഉം ബി.ജെ.പിക്ക് എട്ടു സീറ്റുകളുമുണ്ട്.

നഗരസഭ ചെയര്‍പേഴ്‌സൺ യുഡിഎഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

Signature-ad

ഇതിനിടെ അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി.

ഇടത് അവിശ്വാസ പ്രമേയകാര്യത്തിൽ ബി.ജെ.പി ഇന്ന് നിലപാട് പ്രഖ്യാപിക്കും.
നിലവിലെ സാഹചര്യത്തിൽ ബിജെപി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ.

അവിശ്വാസം വിജയിച്ച് ചെയർപേഴ്സൺ പുറത്ത് പോയാൽ തുടർന്ന് നടക്കുന്ന
തെരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിന്നാലും എൽഡിഎഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽ ഡി എഫിന് ഉണ്ട്.

ഇതിനിടെ സ്വതന്ത്രയായി മൽസരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫ് പ്രതിനിധിയായി പ്രവർത്തിക്കുന്നതിനാൽ ചെയർപേഴ്സനെ  അയോഗ്യയാക്കണം എന്ന് ഇലക്ഷൻ കമ്മീഷന് ഇടത് പക്ഷം ഹർജി നൽകി.

നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യയാക്കണമെന്നാണ് ആവശ്യം

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിൻ്റെ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തത് ചൂണ്ടി കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവർ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നിയമ ലംഘനം നടന്നിരിക്കുന്നത്.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് ഷീബ ജോർജിനെ അയോഗ്യയാക്കി ഉത്തരവിട്ടതും ഈ നിയമപ്രകാരമായിരുന്നു.

52ാം വാര്‍ഡില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ചു ജയിച്ച ബിന്‍സി സെബാസ്റ്റ്യനെ കൂടെ നിര്‍ത്തിയാണ് യു.ഡി.എഫ് 22 എന്ന സംഖ്യയിലെത്തിയത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിച്ച് ബിന്‍സിയെ ചെയര്‍പേഴ്സനാക്കി.

അഞ്ചുവര്‍ഷം ചെയര്‍പേഴ്സന്‍ പദവി വാഗ്ദാനം ചെയ്താണ് യു.ഡി.എഫ് ബിന്‍സിയെ കൂടെ നിര്‍ത്തിയിരിക്കുന്നത്. ചെയര്‍പേഴ്സനെതിരെ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും തുടര്‍ന്നു നടന്ന നറുക്കെടുപ്പിൽ ബിന്‍സി തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഭരണം കൈയിലുള്ള യു.ഡി.എഫ് പുത്തൻതോട് വാർഡ് കൗൺസിലർ ജിഷ ഡെന്നിയുടെ വിയോഗത്തോടെ 20 സീറ്റിലേക്കെത്തി. അസുഖബാധിതയായി ചികിത്സയിലായിരുന്ന ജിഷ കഴിഞ്ഞ മാസമാണ് മരിച്ചത്.
മുമ്പ് 22 വീതം ബലാബലത്തിൽ യുഡിഎഫും- എൽഡിഎഫും, എട്ട് സീറ്റുകളുമായി ബിജെപിയുമാണ് കോട്ടയം നഗരസഭയുടെ 52 അംഗ കാൺസിലിനെ പ്രതിനിധീകരിച്ചിരുന്നത്

ഇപ്പോഴുള്ള ഒരംഗത്തിന്‍റെ മുൻതൂക്കമാണ് എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നത്.

ഈ വാര്‍ഡിലേക്ക് ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. അധികാരംപിടിക്കാന്‍ എല്‍.ഡി.എഫിനു കിട്ടുന്ന അവസരമാണിത്. ഭരണം കൈവിടാതിരിക്കാന്‍ യു.ഡി.എഫും പരിശ്രമിക്കും.

Back to top button
error: