സംഗീതസംവിധായകൻ രഘുകുമാർ ഓർമ്മയായിട്ട് 9 വർഷം
മറക്കാനാവാത്ത ഇമ്പമാർന്ന ഗാനങ്ങളിലൂടെ മലയാളി മനസിൽ ഇടം നേടിയ രഘുകുമാർ അന്തരിച്ചിട്ട് 9 വർഷം. 2014 ഫെബ്രുവരി 20 നാണ് അറുപതാം വയസിൽ ഒരു പിടി ഹരിത ഗാനങ്ങൾ ബാക്കിയാക്കി അദ്ദേഹം പോയത്.
‘ഈശ്വര ജഗദീശ്വര’ എന്ന ചിത്രത്തിലൂടെ 1979-ൽ ചലച്ചിത്രരംഗത്തെത്തിയ രഘുകുമാർ1953ൽ കോഴിക്കോട്ടാണ് ജനിച്ചത്. ആർ. കെ ശേഖറിന്റെ (ഏ. ആർ. റഹ്മാന്റെ അച്ഛൻ) കീഴിലാണ് പാട്ടുകാരനായി സിനിമാസംഗീതമേഖലയിലേയ്ക്ക് പ്രവേശിച്ചത്
രഘുകുമാർ സംഗീത സംവിധാനം നിർവഹിച്ച ചില ഗാനങ്ങളിലൂടെ:
1. 30 സിനിമകളിലായി നൂറിൽപ്പരം ഗാനങ്ങൾ. കൂടുതൽ ഗാനങ്ങളെഴുതിയത് പൂവച്ചൽ ഖാദർ. രണ്ടാമത് ഗിരീഷ് പുത്തഞ്ചേരി.
2. സംഗീത സംവിധായകനാവുന്നതിന് മുൻപ് തബല ആർട്ടിസ്റ്റായിരുന്നു രഘുകുമാർ. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനമേളകളിൽ സ്‌റ്റേജിൽ തബല വായിച്ചിരുന്നു.
3. ‘നിന്നെയെൻ സ്വന്തമാക്കും ഞാൻ’ (വിഷം) ആദ്യ ഹിറ്റ്. ആദ്യം റിലീസ് ആയ ചിത്രവും ‘വിഷം’ (1981).
4. കൂടുതൽ പാടിയ ഗായകൻ യേശുദാസ്. സംവിധായകൻ പ്രിയദർശൻ.
5. ‘താളവട്ട’ത്തിലെ ‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന’ എന്ന ഗാനത്തിന് രഘുകുമാർ, രാജാമണി എന്നിവർ ചേർന്നാണ് സംഗീതമൊരുക്കിയത്.
6. ‘ഹരിമുരളീരവ’ത്തിലെ (ആറാം തമ്പുരാൻ) തബല ജതി സ്വരങ്ങൾ പാടുന്നത് രഘുകുമാറാണ്.
7. രഘുകുമാർ സഹോദരനും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച പ്രേത സിനിമ ‘ലിസ’യിൽ അഭിനയിച്ച തെലുഗു നടി ഭവാനി ആണ് രഘുകുമാറിന്റെ ഭാര്യ.
8. കൂടുതൽ ഉപയോഗിച്ച രാഗം ഖരഹരപ്രിയ (‘ശ്യാമ’യിലെ ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’, ‘മായാമയൂര’ത്തിലെ ‘ആമ്പല്ലൂരമ്പലത്തിൽ’).
9. തരംഗിണിയുടെ ആൽബം സ്വീറ്റ് മെലഡീസ് വോള്യം 3 ന് സംഗീതം നൽകിയത് രഘുകുമാറാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ അതിലെ 11 ഗാനങ്ങളും ഹിറ്റായി.
10. 2011 ലാണ് അവസാനമായി പ്രവർത്തിച്ച ചിത്രം (കളക്ടർ) റിലീസായത്. അതിലെ ‘മായും മായാ മേഘങ്ങളേ’
ആണ് അവസാനഗാനം.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ