തിരുവനന്തപുരം: മദ്യം വാങ്ങാൻ പോകുന്നതിനിടെ ആളില്ലാത്ത വീട് കണ്ട് മോഷണം നടത്തിയ സ്ഥിരം കുറ്റവാളികൾ പിടിയിൽ. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായ കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ(45) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജിനു സമീപത്തു നിന്നും പ്രതികൾ പിടിയിലായത്. സ്ഥിരമായി വാളക്കാട് ബിവറേജിൽ വരാറുള്ള പ്രതികൾ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട് കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കി ഈ വീട്ടിൽ മോഷണം നടത്തുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പി: ജി ബിനു, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ തൻസീം അബ്ദുൾ സമദ്, എസ്ഐമാരായ അഭിലാഷ്, അനൂപ്, എഎസ്ഐമാരായ രാജീവൻ, കിരൺകുമാർ, സിപിഒമാരായ റിയാസ്, രജിത്ത്, നിധിൻ, ഷാഡോ ടീം അംഗങ്ങളായ എഎസ് ദിലീപ്, സിപിഒമാരായ വിനീഷ്, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.