കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ വിശദമായ അനേഷണത്തിന് പോലീസ്. മോഷണം ആരോപിച്ച് യുവാവിനെ തടഞ്ഞുവച്ചവരെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ ചോദ്യം ചെയ്ത ആറുപേരെയും വിട്ടയച്ചു. വിശ്വനാഥന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ് സംസാരിച്ചവരാണ് ഇവർ. സിസിടിവി ദൃശ്യങ്ങൾ കാണിച്ച് വിശദമായി മൊഴി എടുത്തെങ്കിലും, വിശ്വനാഥനെ തടഞ്ഞുവച്ചവരെ കുറിച്ച് ഇതുവരെ കൃത്യമായ സൂചന കിട്ടിയിട്ടില്ല.
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ചോദ്യംചെയ്ത ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ അന്നുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും വിവരങ്ങൾ പൊലിസ് ശേഖരിച്ചിരുന്നു
അതേ സമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ ഷർട്ട് കണ്ടെത്തി. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ നിന്നാണ് ഷർട്ട് കിട്ടിയത്. പോക്കറ്റിൽ ആകെ ഉണ്ടായിരുന്നത് കുറച്ച് ചില്ലറ പൈസയും ഒരു കെട്ട് ബീഡിയും മാത്രമായിരുന്നു. ഷർട്ട് ഇല്ലാത്തതിനാൽ, കൊന്നു കെട്ടിത്തൂക്കി എന്ന പരാതി ബന്ധുക്കൾ ആദ്യഘട്ടത്തിൽ ഉന്നയിച്ചിരുന്നു.
റീ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിന്മാറിയതായി പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു.
ആശുപത്രി പരിസരത്ത് വെച്ച് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന തുടങ്ങിയതായി എസിപി കെ സുദർശൻ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍.