ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍, ആരെയൊക്കെ സാക്ഷിയായി വിസ്തരിക്കണമെന്ന കാര്യത്തില്‍ ഇടപെടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ വഴിയൊരുങ്ങി. വിചാരണ കഴിവതും വേഗം പൂര്‍ത്തിയാക്കാന്‍ ജസ്റ്റിസ് കെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
വിചാരണയ്ക്കു കാലാവധി നിശ്ചയിക്കാന്‍ കോടതി തയാറായില്ല. ഹര്‍ജി തുടര്‍ ഉത്തരവുകള്‍ക്കായി മാര്‍ച്ച് 24ലേക്ക് മാറ്റി. വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് അന്നു വിചാരണക്കോടതി കൈമാറണം. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നു കേസിലെ പ്രതിയായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അതിജീവിത അപേക്ഷിച്ചു. ഇതൊന്നും പ്രതി തീരുമാനിക്കുന്നത് അനുവദനീയമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.ബസന്ത് പറഞ്ഞു.
മഞ്ജു വാരിയരെ അടക്കം വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവന്‍, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും വാദിച്ചു.
30 പ്രവൃത്തിദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്. വിസ്തരിക്കണമെന്നു പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുന്ന പലരും കേസില്‍ അപ്രസ്‌കതമാണെന്ന് ദിലീപിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി പറഞ്ഞു.