CrimeNEWS

ആവശ്യപ്പെട്ട സ്ഥലത്ത് നിര്‍ത്തിയില്ല; യുവാവ് ബസിന്റെ ചില്ല് തകര്‍ത്തു, ഡ്രൈവറെ തല്ലി

പത്തനംതിട്ട: ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താത്തതില്‍ പ്രകോപിതനായ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ചു. ബസിന്റെ ചില്ല് എറിഞ്ഞുടച്ചു. ബസില്‍ നിന്നിറങ്ങി ഓടിയ യുവാവിനെ യാത്രക്കാരും ഡ്രൈവറും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്പിച്ചു. മാടപ്പള്ളി പെരുമ്പനച്ചി പനത്തില്‍ സുബിന്‍ (22) ആണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ട് എം.സി.റോഡില്‍ പെരുന്തുരുത്തിയിലാണ് സംഭവം. തിരുവല്ല ഡിപ്പോയിലെ ഡ്രൈവര്‍ പി.ശരത്ചന്ദ്രനാണ് മര്‍ദനമേറ്റത്. കോട്ടയത്തുനിന്നും തിരുവല്ലയിലേക്ക് വരികയായിരുന്നു ബസ്.

Signature-ad

പെരുന്തുരുത്തിയിലെ സ്റ്റോപ്പിന് പിന്നിലായി ബസ് നിര്‍ത്തണമെന്ന് സുബിന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ യഥാര്‍ഥ സ്റ്റോപ്പില്‍ത്തന്നെ നിര്‍ത്തി.

ഇതോടെ ബസിനുള്ളില്‍വെച്ച് സുബിന്‍ അസഭ്യവര്‍ഷം തുടങ്ങി. വനിതാ കണ്ടക്ടര്‍ക്കുനേരെയും തട്ടിക്കയറി. ഇതിനിടെ ഡ്രൈവറെ അടിച്ചശേഷം ബസില്‍നിന്നിറങ്ങി ഓടി. ഓട്ടത്തിനിടെ വഴിയരികില്‍ കിടന്ന ഇഷ്ടിക കഷണം ഉപയോഗിച്ച് ബസിന്റെ പിന്നിലെ ചില്ല് എറിഞ്ഞുടച്ചു. യാത്രക്കാരില്‍ ചിലരും ഡ്രൈവറും പിന്നാലെ ഓടിയാണ് സുബിനെ പിടിച്ചത്. ഈ സമയത്ത് ശരത്ചന്ദ്രന്റെ ഇടത് കൈയില്‍ സുബിന്‍ കടിക്കുകയും ചെയ്തു. സുബിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

 

Back to top button
error: