മുംബൈ: പോലീസ് റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി 1600 മീറ്റർ ഓടിയ യുവാവ് മരിച്ചു. മുംബൈയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുത്ത 26 വയസുകാരനായ ഗണേഷ് ഉഗാലെയാണ് മരിച്ചത്. മുംബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാനഗ്രി കാമ്പസ് ഗ്രൗണ്ടിലാണ് സംഭവം.
“1600 മീറ്റർ ഓട്ടം പൂർത്തിയാക്കിയ ശേഷം തലകറക്കം മൂലം ഉഗാലെ നിലത്തു വീണു. ഉടൻതന്നെ സാന്താക്രൂസിലെ സിവിക് വിഎൻ ദേശായി ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു”, ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഉഗാലെയുടെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ബാന്ദ്ര കുർള കോംപ്ലക്‌സ് പൊലീസ് സ്റ്റേഷനിൽ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.