തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നതില്‍ തനിക്ക് വലിയ പ്രതീക്ഷയില്ലെന്ന് ശശി തരൂര്‍ എംപി. ഇതുമായി ബന്ധപ്പെട്ട് തന്നോട് ആരും സംസാരിച്ചിട്ടില്ല. ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ വരികയാണെങ്കില്‍ നമ്മളെല്ലാവരും താല്‍പ്പര്യത്തോടെ കണ്ടുകൊണ്ടിരിക്കും. പ്രവര്‍ത്തകസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് എനിക്കെങ്ങിനെ അറിയും എന്നായിരുന്നു മറുപടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണ്ട എന്ന് പാര്‍ട്ടിയില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ടാകും. അങ്ങനെ വിചാരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പൊതു തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷത്തോളം സമയമുണ്ടായിരുന്നു.
എന്നാല്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്താകാറായി. മാത്രമല്ല, ഈ വര്‍ഷം ഒമ്പതു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നുണ്ട്. അതുകൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ഈ കാലത്ത് ഇത് നല്ലതാണോ മോശമാണോ എന്നൊക്കെ തീരുമാനമെടുക്കുന്നവര്‍ എടുക്കട്ടെ.
പക്ഷെ ഈ വിഷയത്തില്‍ രണ്ടഭിപ്രായം പാര്‍ട്ടിയില്‍ ഉണ്ടെന്ന് തനിക്ക് അറിയാമെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ആരൊക്കെ വേണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. പാര്‍ട്ടിക്ക് ഭരണഘടനയുണ്ട്. അതനുസരിച്ചുള്ള നിയമങ്ങളുണ്ട്. കൊടുക്കുന്നില്‍ സുരേഷിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.