IndiaNEWS

ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകള്‍ പൂട്ടി; വീട്ടിലിരുന്ന് ജോലിചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകള്‍ പൂട്ടി. ട്വിറ്ററിന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീടുകളില്‍ വെച്ച് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും പ്രതിസന്ധി നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചു വരുന്നുണ്ടെന്നും നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ, ഇന്ത്യയിലെ ഓഫീസുകള്‍ അടക്കുമെന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ടിടങ്ങളിലെ ഓഫീസുകള്‍ അടച്ചത്. അതേസമയം ബംഗളൂരുവിലുള്ള ഓഫീസ് നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ വന്‍ തോതില്‍ പിരിച്ചു വിടല്‍ നടപടികളടക്കം ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് മാത്രം 90 ശതമാനത്തിലേറെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 ലേറെ ജീവനക്കാര്‍ വരുമിതെന്നാണ് വിവരം.

അതേസമയം, ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച ട്വിറ്ററിന്റെ ‘ബ്ലൂ ടിക്ക്’ അടയാളപദ്ധതി ഇന്ത്യയിലും ആരംഭിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് പ്രതിമാസം 900 രൂപ നിരക്കാണ് ഇതിനായി ഈടാക്കുന്നത്.

 

Back to top button
error: