കോട്ടയം: ‘പരിചയക്കാരി’യുടെ വീട്ടില്‍ യുവാവിന്‍െ്‌റ ദുരൂഹ മരണത്തില്‍ നിര്‍ണായക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പരിചയക്കാരിയായ യുവതിയുടെ വീട്ടില്‍നിന്നും അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ച വയലാ സ്വദേശി അരവിന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തു വന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിനാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ അരവിന്ദ് മരിച്ചത്.
സുഹൃത്തായ യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ കുഴഞ്ഞുവീണ അരവിന്ദിനെ ആശുപത്രിയില്‍ എത്തിച്ചതായാണ് ആദ്യം അറിഞ്ഞത്. എന്നാല്‍, വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ തലയില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായി. മകനെ യുവതിയും വീട്ടുകാരും ചേര്‍ന്ന് അപായപ്പെടുത്തി എന്നാണ് മാതാപിതാക്കളുടെ ആരോപണം. അരവിന്ദിന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലുണ്ട്. തലയ്ക്കു പിന്നിലും ഇടതു തോളില്‍ അടക്കം വിവിധ ഇടങ്ങളില്‍ ചതവേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മെഡിക്കല്‍ കോളജ് അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഏറ്റുമാനൂര്‍ പോലീസിന് കൈമാറി. അരവിന്ദന്റെ ദുരൂഹരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെ കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വീണ്ടും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ പോലീസ് സ്വീകരിച്ചത്.