Breaking NewsCrimeKeralaLead NewsMovieNEWS

‘സംവിധായൻ രഞ്ജിത്തിന്റെ അറസ്റ്റിൽ അത്ഭുതമോ ഷോക്കോ ഇല്ല; ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രം‘: നടി പാർവ്വതി തിരുവോത്ത്

യുവനടിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ ര‍ഞ്ജിത് ബാലകൃഷ്ണൻ അറസ്റ്റിലായതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും ആവർത്തിക്കപ്പെടുന്ന കുറ്റകൃത്യമാണെന്നും പാർവതി പറഞ്ഞു.

“മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല,”- പാർവതി പറഞ്ഞു.

Signature-ad

“മറ്റൊരു സാഹചര്യത്തിൽ കരീന കപൂർ പറഞ്ഞ thak gayi mei (ഞാൻ മടുത്തുപോയി) എന്ന വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം… ഇതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു’-പാർവതി പറഞ്ഞു.

ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും ‘പെർഫോമൻസ്’ മാത്രമാണെന്നും പാർവതി വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എന്തിനാണ് സ്ത്രീകൾ പരാതി നൽകാൻ വൈകിയത് എന്ന് ചോദിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല. പരാതി നൽകുന്ന നിമിഷം സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നിന്ന് പുറത്തുപോകേണ്ടി വരുന്നു. സാമ്പത്തിക ഭദ്രതയില്ലാത്ത സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ലെന്നും താരം ഓർമ്മിപ്പിച്ചു.

അമ്മ എന്ന സംഘടനയെപ്പോലെ ഡബ്ല്യു.സി.സിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങൾക്കായി തങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സിനിമാ സെറ്റുകളിൽ ഐ.സി.സി (ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി) അത്യാവശ്യമാണെന്ന് വരുന്നത് ഒരു സാധാരണ കാര്യമായി മാറ്റാൻ തങ്ങൾ കഠിനാധ്വാനം ചെയ്തു. റിപ്പോർട്ട് നാലര വർഷത്തോളം മൂടിവെച്ചതു കൊണ്ടാണ് കുറ്റവാളികൾക്ക് ശിക്ഷയെക്കുറിച്ച് ഭയമില്ലാതായതെന്നും പാർവതി കൂട്ടിച്ചേർത്തു.

ഫോർട്ട് കൊച്ചിയിലെ സിനിമ ഷൂട്ടിങ്ങിനിടെ കാരവനിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെത്തുടർന്ന് ഫെഫ്ക അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

മുൻപും സമാനമായ ആരോപണങ്ങൾ രഞ്ജിത്ത് നേരിട്ടിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ച് 2009-ൽ തന്നോട് മോശമായി പെരുമാറി എന്ന് ബംഗാളി നടി പരാതി നൽകിയിരുന്നു. എന്നാൽ 2025-ൽ ഈ കേസുകളിലെ നടപടികൾ കോടതികൾ റദ്ദാക്കിയിരുന്നു. 2009-ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്.ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് പാർവതി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: