മുഖ്യമന്ത്രിയുടെ‘ഡാഷ് മോനെ’ പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോൾ അതേതീതിയിൽ സിനിമാ ഡയലോഗിൽ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു‘- കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോനെ’ എന്ന പരാമർശം കേരളത്തിനാകെ അപമാനകരമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഒരു മലയാള സിനിമാ ഡയലോഗ് തമാശയായി ഉപയോഗിച്ചതിന് മറുപടിയായി, മറ്റൊരു സിനിമാ ഡയലോഗ് ഉപയോഗിച്ച് പിണറായി വിജയന് രാഷ്ട്രീയപരമായി പ്രതികരിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള സാവധാനവും സംസ്കാരപരവുമായ മറുപടിയായിരുന്നു ഉചിതമെന്നും, മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം യോജിച്ചതല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഒരു ഭരണാധികാരിയിൽ നിന്ന് വിവേകപൂർണമായ പെരുമാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും, ഇത്തരം വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ, രേവന്ത് റെഡ്ഡിയുടെ വിമർശനങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
തിരഞ്ഞെടുപ്പുകളിൽ അടിയൊഴുക്കുകൾ സാധാരണമായ കാര്യമാണ്. എന്നാൽ അവയെ നേരിടാനുള്ള ശക്തിയും സ്ഥിരതയും വേണമെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സിപിഎം-ബി.ജെ.പി മത്സരം എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അത് കേട്ട് ബിജെപി പ്രവർത്തകർ പോലും അത്ഭുതപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു. ഏപ്രിൽ ഒന്നിനായിരുന്നെങ്കിൽ ഈ തമാശ ആസ്വദിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





