Health

പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം, പരീക്ഷിക്കൂ; ഫലം ഉറപ്പ്

ഡോ.വേണു തോന്നയ്ക്കൽ

പൊണ്ണത്തടി കുറയ്ക്കാം എന്ന് കേൾക്കുമ്പോൾ അത് എപ്രകാരം എന്നാവും ഏവരും ചിന്തിക്കുന്നത്. ചികിത്സ ഒറ്റമൂലിയാണോ, ചിലവേറിയതാണോ, എന്നൊക്കെ അറിയാൻ ഒരു പക്ഷേ ആകാംക്ഷയുണ്ടാവാം.

Signature-ad

ഇത് തീരെ ചെലവ് കുറഞ്ഞ മാർഗ്ഗമാണ്. എന്നാൽ സീസണൽ ആണ് എന്ന ഒരു പ്രശ്നമുണ്ട്. ഇതാണ് സീസൺ. അതിനാൽ വൈകിപ്പിക്കേണ്ട. പൊണ്ണത്തടിക്ക് മാത്രമല്ല, ഉദര പ്രശ്നങ്ങൾ, അമിത കൊളസ്ട്രോൾ, പ്രമേഹം, അങ്ങനെ അനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാര്യമായ തോതിൽ പരിഹാരമാണ്.
ഔഷധം അല്ല . ഭക്ഷണമാണ്. ഭക്ഷ്യ വസ്തുവിന്റെ പേര് പറയുമ്പോൾ ഒരു പക്ഷേ ചിലരുടെയെങ്കിലും മുഖത്ത് പ്രകടമായിരുന്ന ആകാംക്ഷ മാറി അവജ്ഞ നിഴലിച്ചു എന്നു വരാം.

ആള് മറ്റാരുമല്ല. നമ്മുടെ ചക്കപ്പൂഞ്ഞ്. ചക്കപ്പൂഞ്ഞ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാത്തവരോട് പറയുകയാണ്. ചക്കയുടെ ഉള്ളിൽ മധ്യഭാഗത്തായി സ്പോഞ്ച് മാതിരി കാണപ്പെടുന്ന ഭാഗമാണിത്. ചക്കപ്പൂഞ്ഞിനെ ചുറ്റിയാണ് ചക്കച്ചുള ക്രമീകരിച്ചിരിക്കുന്നത്.
ചക്കച്ചുള, ചക്കക്കുരു എന്നിവയെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളിൽ  എഴുതിയിരുന്നു. ഇത് ചക്കയുടെ കാലമാകയാൽ ചക്കപ്പൂഞ്ഞ് സുലഭമാണ്.
ചക്കപ്പൂഞ്ഞിൽ വലിയ തോതിൽ അടങ്ങിയിട്ടുള്ള നാരു ഘടകമാണ് പ്രധാനി. ധാരാളം ഭക്ഷണങ്ങളിൽ നാരു ഘടകം ഉണ്ട്     എന്നാൽ മിക്കവാറും ഏത് അവസ്ഥയിലും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഇത്.
പാശ്ചാത്യ ജനതര ബേക്കറി ആഹാരങ്ങളും കൃത്രിമ രാസഭക്ഷണങ്ങളും കഴിച്ച് പ്രശ്ന സങ്കീർണമായ ഉദരങ്ങൾക്ക് ആശ്വാസമേകാൻ നാരു ഭക്ഷണം മാത്രമായി കഴിക്കാറുണ്ട്. അത്തരം ഉൽപ്പന്നങ്ങൾ കമ്പോളത്തിൽ ലഭ്യമാണ്. അങ്ങനെ കച്ചവടക്കാർക്ക് മറ്റൊരു കച്ചവട ഉൽപന്നം കൂടിയായി.
പരിഷ്കാരത്തിന്റെ പേരിൽ അത്തരം ഭക്ഷണങ്ങൾക്ക് പിന്നാലെയാണ് പലരും. നമ്മുടെ ഭക്ഷണങ്ങളിൽ ധാരാളം നാരു ഘടകം ഉള്ളതിനാൽ നമുക്ക് അത്തരം ഉൽപന്നങ്ങൾ (നാരു ഘടകം) കഴിക്കേണ്ട ഗതികേടില്ല. നാരു ഘടക ഭക്ഷണങ്ങളിൽ കേമൻ ചക്കപ്പൂഞ്ഞ് തന്നെ.
ചക്ക പൂഞ്ഞിൽ മാത്രമല്ല ചക്ക മടലിലും നാരു ഘടകം ധാരാളമുണ്ട്. ചക്കയുടെ പുറമേയുള്ള മുളള് ചെത്തിയാൽ അകത്ത് കാണുന്നതാണ് ചക്ക മടൽ. ചക്കച്ചുള കാണാൻ പിന്നെയും ഉള്ളിലേക്ക് പോണം.
ചക്കച്ചുള, ചക്കക്കുരു എന്നിവയെ അപേക്ഷിച്ച് ചക്കപ്പൂഞ്ഞിലും ചക്ക മടലിലും പോഷകമൂല്യം കുറവാണ്. എന്നാൽ നാരു ഘടകം സമൃദ്ധമായി ഉള്ളതിനാൽ ഇവ ഏറെ ആരോഗ്യപ്രധാനമാണ് .
ചക്കപ്പൂഞ്ഞ് ഉപയോഗിച്ച് തോരൻ , കാളൻ ഉൾപ്പെടെ ധാരാളം സ്വാദിഷ്ടമായ വിഭവങ്ങൾ ദേശഭേദമനുസരിച്ച് ഉണ്ടാക്കുന്നു. വിവിധതരം ചക്കപ്പൂഞ്ഞ്, ചക്ക മടൽ വിഭവങ്ങളെ കുറിച്ച് അറിവുള്ള വർ തന്നെ പറയട്ടെ.
ദുരഭിമാനം വെടിഞ്ഞ് ദയവായി ചക്ക പ്പൂഞ്ഞ് വിഭവം ദിവസം ഒരു നേരമെങ്കിലും കഴിക്കുക. നിങ്ങളുടെ ആരോഗ്യം നില നിർത്താനും നഷ്ടപ്പെട്ട ആരോഗ്യം മടക്കി കൊണ്ടുവരാനും അത് തീർച്ചയായും  സഹായിക്കും.

Back to top button
error: