LocalNEWS

പൊലീസിന്റെ സൽപേരിനു കളങ്കം, മാങ്ങാ മോഷ്ടിച്ച പോലീസുകാരൻ ഷിഹാബിനെ പിരിച്ചുവിടും

   ഇടുക്കി: വഴിയരുകിലെ വില്പനശാലയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു.കുര്യാക്കോസ് പൊലീസുകാരനു കൈമാറി. 15 ദിവസത്തിനകം മറുപടി നൽകണം. ഇടുക്കി എ.ആർ ക്യാംപിലെ സി.പി.ഒ മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി.

2022 സെപ്റ്റംബർ 30ന് പുലർച്ചെ നാലിനാണു സംഭവം. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറിക്കടയ്ക്കു മുന്നിൽ വച്ചിരുന്ന പെട്ടിയിൽനിന്ന് മാങ്ങ മോഷ്ടിച്ചെന്നാണ് കേസ്. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇതേത്തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു.  കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സൽപേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മാങ്ങാ മോഷണത്തോടൊപ്പം ഗുരുതരമായ മറ്റ് ചില കേസുകളും ഇയാളുടെ പേരിലുണ്ട്‌. നോട്ടിസിന് ഷിഹാബിൻ്റെ മറുപടി ലഭിച്ചാലുടൻ നടപടി സ്വീകരിക്കും.

Back to top button
error: