ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിലെ ആദായനികുതി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു.
അദാനി വിഷയത്തില്‍ ഒളിക്കാനൊന്നും ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണ്. പ്രതിപക്ഷം അദാനി വിഷയം ഉന്നയിക്കുമ്പോള്‍ കേന്ദ്രം ബിബിസിക്ക് പിന്നാലെ പോകുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു.
ബിബിസി ഓഫീസ് റെയ്ഡിനെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ആദ്യം ബിബിസി ഡോക്യുമെന്ററി നിരോധിക്കും. എന്നാല്‍ അദാനിക്കെതിരായ ആരോപണത്തില്‍ ഒരന്വേഷണവുമില്ല. ഇപ്പോള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസുകളില്‍. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് ?. യെച്ചൂരി ട്വീറ്റില്‍ പരിഹസിച്ചു.
ബിബിസി ഓഫീസിലെ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് സിപിഎം പിബി അംഗം എംഎ ബേബി പ്രതികരിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും റെയ്ഡിനെ വിമര്‍ശിച്ചു. ‘ബിബിസിയിലെ റെയ്ഡ് പ്രത്യയശാസ്ത്ര അടിയന്തരാവസ്ഥ’ പ്രഖ്യാപനമാണ് എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
അതേസമയം, ബിബിസി ഓഫീസിലെ റെയ്ഡിനെ ബിജെപി ന്യായീകരിച്ചു. ബിബിസി എന്നത് ബ്രഷ്ട് ബക്വാസ് കോര്പ്പറേഷന് എന്ന് ബിജെപി പരിഹസിച്ചു. അഴിമതി നിറഞ്ഞ സ്ഥാപനമാണ് ബിബിസി. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ല. കേന്ദ്ര ഏജന്‍സികള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഇന്ത്യയിലെ നിയമം പാലിക്കാന്‍ ബിബിസി ബാധ്യസ്ഥരാണ്. കേന്ദ്ര ഏജന്‍സികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്നും ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഇപ്പോള്‍ ദേശവിരുദ്ധ സംഘടനകള്‍ക്കൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളതെന്നും ബിജെപി വക്താവ് ആരോപിച്ചു.
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ രാവിലെ പതിനൊന്നരയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തത് രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു.