കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കലക്ടര്‍ ഓഫീസീലും ജീവനക്കാരുടെ കൂട്ട അവധി. സബ് കലക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചാണ് വിവാഹം നടന്നത്. ഓഫീസില്‍ ആകെ 33 ജീവനക്കാരാണ് ഉള്ളത്.
ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരല്‍ ഏറപേരും. അതേസമയം, കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മിലുള്ള പോര് മുറുകുകയാണ്. കൂട്ട അവധി ദിവസം ഒരാള്‍ക്കെങ്കിലും സേവനം ലഭിച്ചില്ലെങ്കില്‍ മറുപടി പറയേണ്ടി വരുമെന്ന് എംഎല്‍എ പറഞ്ഞു.
എംഎല്‍എ നാടകം കളിക്കുകയാണ് എന്നാരോപിച്ച് താലൂക്ക് ഓഫീസിലെ ഗ്രൂപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പങ്കുവച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നിരുന്നു. കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു. നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എംഎല്‍എയ്ക്ക് ഹാജര്‍നില പരിശോധിക്കാന്‍ അവകാശമുണ്ടോയെന്നും കോന്നി താലൂക്ക് ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്. അന്ന്സേവനം തേടി താലൂക്ക് ഓഫീസിലെത്തിയത് പത്തുപേരില്‍ താഴെ മാത്രമാണെന്നും ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.