KeralaNEWS

ഉല്ലാസയാത്ര സ്റ്റോൺസർ ചെയ്തത് ക്വാറി ഉടമ, ആട്ടവും പാട്ടുമായി തഹസീല്‍ദാറും പരിവാരങ്ങളും മൂന്നാറിൽ തന്നെ: 19 ഉദ്യോഗസ്ഥരില്‍ ഏറെയും അവധി അപേക്ഷ നല്‍കാത്തവർ, ഉല്ലാസ യാത്രയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

കോന്നി താലൂക്ക് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഘത്തില്‍ തഹസില്‍ദാര്‍ എല്‍ കുഞ്ഞച്ചനും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും ഉണ്ടന്ന് വ്യക്തമായി.

അവധി അപേക്ഷ നല്‍കിയവരും നല്‍കാത്തവരും ഉല്ലാസയാത്രയില്‍ ഉണ്ട്. ദേവികുളം മൂന്നാര്‍ ഇവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗണ്‍സിലാണ് യാത്ര സംഘടിപ്പിച്ചത്. 3000 രൂപ വീതം യാത്രാ ചെലവിന് ഓരോരുത്തരും നല്‍കിയിരുന്നു. പത്തനംതിട്ടയിലെ ക്വാറി ഉടമയുടെ വണ്ടിയില്‍ ആണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ടൂര്‍ പോയത്.

Signature-ad

താലൂക്ക് ഓഫീസിലെ ഹാജര്‍ രേഖകള്‍ എ.ഡി.എം പരിശോധിച്ചു.
ഗവി മുതല്‍ വാഹനസൗകര്യങ്ങള്‍ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളില്‍ നിന്നടക്കം നൂറുകണക്കിന് ആളുകൾ ഈ ഓഫീസിൽ എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥര്‍ ഉല്ലാസ യാത്രക്ക് കൂട്ടമായി പോയത്. 63 ജീവനക്കാരില്‍ 42 പേരാണ് ഓഫീസിലില്ലാത്തത്. ഇതില്‍ അവധി അപക്ഷ നല്‍കിയവര്‍ 20 പേര്‍ മാത്രം.

22 ജീവനക്കാര്‍ അവധിയെടുത്തത് അനധികൃതമായിട്ടാണെന്ന് വ്യക്തം. രണ്ടാം ശനിയും ഞായറും അവധിയായിതനാല്‍ ഇന്നലെ കൂടി അവധിയെടുത്ത് മൂന്ന് ദിവസം ഉദ്യോഗസ്ഥര്‍ ഉല്ലാസയാത്ര പോവുകയായിരുന്നു.

ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്ക്ക് പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നു. അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്നും മൂന്നാറിൽ തന്നെ തുടരുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസീൽദാരോട് വിശദീകരണം തേടിയിട്ടുണ്ട്. ഓഫീസിൽ ഹാജരാവാത്ത മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ അടിയന്തിരമായി നൽകാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ തഹസിൽദാർ ഓഫീസിൽ എത്തുകയായിരുന്നു. അതോടെയാണ് തഹസിൽദാർ അടക്കം മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്. തുടർന്ന് എംഎൽഎ തഹസീൽദാറെ ഫോണിൽ ബന്ധപ്പെട്ട് ക്ഷുഭിതനായി. എം.എല്‍.എ മൂന്‍കൂട്ടി വിളിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലും എത്താന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് എടുക്കുന്നതിൽ തടസമില്ല, എന്നാൽ ഇത്രയേറെപ്പേർക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്ന് ജനീഷ് കുമാർ എം.എൽ.എ പ്രതികരിച്ചു.

Back to top button
error: