ദില്ലി: പാര്‍ലമെന്റിലെ സഭാ നടപടികള്‍ മൊബൈില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ ബജറ്റ് സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതിനിടെ നടന്ന പ്രതിപക്ഷ പ്രതിഷേധം മൊബൈലില്‍ പകര്‍ത്തിയതിനെത്തുടര്‍ന്നാണ് നടപടി. രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍കറാണ് എംപിയെസസ്പെന്ഡ് ചെയ്തതായി അറിയിച്ചത്.
നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധിച്ചിരിന്നു. ഇതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് എംപിയായ രജനി അശോക് റാവു തന്റെ മൊബൈലില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ രജനി പാട്ടീല്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് എംപിക്കെതിരെ രാജ്യസഭാ ചെയര്മാന് അച്ചടക്ക നടപടിയെടുത്തത്. വെള്ളിയാഴ്ചയാണ് എംപിക്കെതിരെ നടപടിയെടുത്തതായി രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍കര്‍ അറിയിച്ചത്.
അതേസമയം താന്‍. മനഃപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നും, തനിക്കെതിരെ കടുത്ത നടപടിയെടുക്കുന്നത് അന്യായമാണെന്നും രജനി പാട്ടീല്‍ പ്രതികരിച്ചു. എന്നാല്‍ ട്വിറ്ററില്‍ പ്രചരിച്ച സഭാ നടപടികളുമായി ബന്ധപ്പെട്ട വീഡിയോ പകര്‍ത്തിയത് അനാരോഗ്യകരമായ പ്രവര്‍ത്തിയാണെന്നാണ് ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചത്. സംഭവത്തില്‍ പാര്‍ലമെന്ററി പ്രിവിലേജസ് കമ്മിറ്റി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ എംപിയുടെ സസ്പെന്ഷന് തുടരുമെന്ന് രാജ്യസഭാ ചെയര്മാന് വ്യക്തമാക്കി.