ബെംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരായ കള്ളപ്പണക്കേസിൽ സിബിഐക്ക് തിരിച്ചടി. ശിവകുമാറിനെതിരായ സിബിഐ അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 24 വരെ ശിവകുമാറിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനാണ് സ്റ്റേ. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.
ഫെബ്രുവരി 22 ന് മുൻപ് അന്വേഷണപുരോഗതി റിപ്പോർട്ട് നൽകണമെന്ന് കർണാടക ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇഡി ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
തെരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജൻസികൾ മന:പൂർവ്വം വേട്ടയാടുന്നു എന്ന് ആരോപിച്ച് ഇഡി സമൻസിനെതിരെ ശിവകുമാർ ഹൈക്കോടതിയില്‍ അപ്പീൽ ഫയൽ ചെയ്തിരുന്നു. സിബിഐ കേസിനെതിരെ ശിവകുമാർ നേരത്തെ തന്നെ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്.